
കൊടുവള്ളി: പൂനൂർപ്പുഴയോരത്തെ താത്കാലിക ഫ്ലഡ്‌ലിറ്റ് മിനിസ്റ്റേഡിയത്തിൽ ഇനി കാൽപ്പന്തുകളിയുടെ ആവേശം. 38-ാമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ഞായറാഴ്ച രാത്രി എട്ടിന് തുടക്കമാവും. കെ.ആർ.എസ്. കോഴിക്കോടും റിയൽ എഫ്.സി. തെന്നലയും തമ്മിലാണ് ഉദ്ഘാടനമത്സരം. അഡബയർ, കിങ്‌സ് ലി, ഡോസോ, ബല്ലാക്ക്, ക്ലമന്റ്, എഡ്‌ഗോഡ്, ജയിംസ്, സുസു തുടങ്ങി വിദേശതാരങ്ങളും ഇത്തവണ ബൂട്ടണിയും.
ഒരേസമയം ആറായിരംപേർക്ക് കളി കാണാവുന്ന താത്കാലിക ഗാലറിയാണ് ഒരുക്കിയത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ഇരിപ്പിടങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഒരുടീമിൽ മൂന്നു വിദേശതാരങ്ങൾക്ക് കളിക്കാം. അധികസമയം നൽകിയിട്ടും മത്സരങ്ങൾ സമനിലയിലായാൽ റീപ്ലേ മത്സരങ്ങൾ ഒഴിവാക്കി പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിർണയിക്കുക.
സബ്സ്റ്റിറ്റ്യൂഷൻ ബെഞ്ച് പ്രത്യേകമായി ഏർപ്പെടുത്തുന്നതും ഈ ടൂർണമെന്റിന്റെ പ്രത്യേകതയാണ്. 24 ടീമുകളാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.ഇത്തവണത്തെ ലാഭവിഹിതം ഉപയോഗിച്ച് വിദേശജോലികൾ തേടാൻ പ്രദേശത്തെ യുവാക്കളെ പ്രാപ്തരാക്കുന്നതരത്തിൽ ആധുനിക പരിശീലനം നൽകാനുള്ള ഹാൾ നിർമിക്കാനാണ് സംഘാടകരുടെ തീരുമാനം.





