
വടകര : വിവാഹത്തിന് ലക്ഷങ്ങൾ പൊടിപൊടിച്ചില്ല, ആയിരങ്ങളെ ക്ഷണിച്ചില്ല… പകരം കല്യാണച്ചെലവിനായി കരുതിയ തുകകൊണ്ട് കിടപ്പുരോഗികളുടെയും മറ്റും വീടുകളിൽ ഒരുമാസത്തെ ഭക്ഷണസാധനങ്ങളെത്തിച്ചു. ഇത് ചെമ്മരത്തൂർ സ്വദേശി എളമ്പിലാപ്പുറത്ത് ശ്രീജിത്ത്് തന്റെ കല്യാണത്തിന് സമൂഹത്തിനു നൽകിയ വേറിട്ടൊരു സന്ദേശം. 16-നായിരുന്നു ശ്രീജിത്തിന്റെ വിവാഹം. വധു പാലക്കാട് എടത്തനാട്ടുകര സ്വദേശിനി ബിന്ദുജ.
സിപിഐ ചെമ്മരത്തൂർ സ്കൂൾ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയായ ശ്രീജിത്തും ബിന്ദുജയും തമ്മിലുള്ള വിവാഹം നടന്നത് പാർട്ടി ഓഫീസും പതിയാർ ഗ്രന്ഥാലയവും സ്ഥിതിചെയ്യുന്ന മന്ദിരത്തിലാണ്. ചെറിയ ചടങ്ങുമാത്രം. അടുത്തബന്ധുക്കൾക്ക്് വീട്ടിലൊരു ഭക്ഷണം. കല്യാണം ഇതോടെ കഴിഞ്ഞു. കല്യാണക്കത്തില്ല, വലിയ പന്തലില്ല, അലങ്കാരങ്ങളില്ല… കല്യാണം കഴിഞ്ഞശേഷമാണ് ഭാര്യ ബിന്ദുജയെയും കൂട്ടി തന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ 15 കുടുംബങ്ങൾക്ക് ഒരുമാസത്തേക്കുള്ള ഭക്ഷണക്കിറ്റ് എത്തിച്ചത്.



