ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു’; കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ലയിൽ നടന്ന എൻഡിഎ കൺവെൻഷനിൽ ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ എൽഡിഎഫിന് വിട നൽകാൻ ജനങ്ങൾ തയ്യാറെടുപ്പിച്ചു കഴിഞ്ഞെന്നും സംസ്ഥാനത്തെ വികസനക്കുതിപ്പ് തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ശബരിമല അയ്യപ്പനെ പ്രണമിച്ചും മലയാളത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയെ പുകഴ്ത്തിയ മോദി, വർഷങ്ങളായി തന്നോടൊപ്പമുള്ള അനൂപിനെ തിരുവല്ലയ്ക്ക് സമർപ്പിക്കുകയാണെന്ന് പറഞ്ഞു. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള 11 സ്ഥാനാർത്ഥികളും വേദിയിൽ അണിനിരന്നു.
ചങ്ങനാശ്ശേരിയിൽ ഹെലികോപ്റ്റർ ഇറങ്ങി റോഡ് മാർഗം തിരുവല്ലയിലെത്തിയ പ്രധാനമന്ത്രിയെ കാണാൻ വഴിനീളെ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. കോട്ടയം ജില്ലാ കമ്മിറ്റി ക്രിസ്തുരൂപം നൽകിയും അനൂപ് ആന്റണി പടയണി തപ്പ് നൽകിയുമാണ് മോദിയെ സ്വീകരിച്ചത്. ബൂത്ത് തലത്തിലുള്ള പ്രവർത്തകരുമായി സംസാരിച്ചപ്പോൾ തന്നെ കേരളം മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതായും ഹെലിപാഡിന് സമീപം തടിച്ചുകൂടിയ ജനക്കൂട്ടം എൻഡിഎയുടെ വിജയപ്രതീക്ഷ വർദ്ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു. തിരുവല്ലയിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. അവിടെ വമ്പിച്ച റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.





