കറുത്ത മാസ്ക് പാടില്ല, മീഡിയക്ക് പാസ്, ഒന്നര മണിക്കൂർ മുന്നേ വണ്ടി തടഞ്ഞു, വലച്ച് സുരക്ഷാവലയം

കോട്ടയം: കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാനസമ്മേളനമടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പേ പൊതുജനത്തിന്റെ വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ കോട്ടയം നഗരത്തിൽ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ചവർ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പൊലീസ് നൽകിയ നിർദേശം.
കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയായിരുന്നു റോഡുകൾ അടച്ചത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടിരിക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്. പ്രതിപക്ഷത്തിന്റേതടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് ഈ വെളിപ്പെടുത്തലുകളെത്തുടർന്ന് കേരളം സാക്ഷ്യം വഹിച്ചത്.
പ്രദേശത്ത് നിയന്ത്രണത്തിന്റെ പേരിൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഈ വഴി നടന്ന് പോയ കാൽനടയാത്രക്കാരെപ്പോലും പൊലീസ് തടഞ്ഞു വച്ചു. എങ്ങോട്ടാണ് പോകുന്നതെന്ന് ഓരോരുത്തരോടും ചോദിച്ച്, റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളനനഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും.
കെജിഒഎ സമ്മേളനനഗരിയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന എല്ലാ വാഹനങ്ങളും പ്രത്യേക ഉപകരണം കൊണ്ട് വന്ന് എടുത്ത് മാറ്റി. സമീപത്ത് ബസ്സ് കാത്ത് നിന്നിരുന്ന എല്ലാവരോടും മാറി നിൽക്കാൻ നിർദേശിച്ചു. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള ഹാളിലേക്കുള്ള റോഡിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ഒരു വാഹനം പോലുമുണ്ടായിരുന്നില്ല. ഇത്തരത്തിൽ ഒരു മുഖ്യമന്ത്രിക്ക് വേണ്ടി, ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള വൻ സുരക്ഷാ വലയം ഒരുക്കിയപ്പോൾ പൊതുജനവും ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
കോട്ടയത്ത് കൈക്കുഞ്ഞുമായി മാമ്മോദീസ കഴിഞ്ഞ് വരുന്ന കുടുംബം നടുറോട്ടിൽ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറോളം നേരമാണ്. ”ഞങ്ങൾക്ക് വീട്ടിലേ പോകണ്ടൂ, അതല്ലാതെ മുഖ്യമന്ത്രിയെ ഞങ്ങളെന്ത് ചെയ്യാനാ?”, എന്നാണ് അന്തം വിട്ട് ആ കുടുംബം ചോദിച്ചത്. ഒടുവിലൊരു ഡിവൈഎസ്പി എത്തിയ ശേഷമാണ് ഈ കുടുംബത്തെ പൊലീസ് വിട്ടത്.





