Kozhikode

കേൾക്കണം വിലങ്ങാടിന്റെ വിലാപവും; ഉരുൾ കവർന്നത് 18 വീടുകൾ, 155 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

Please complete the required fields.




കോഴിക്കോട് : വയനാട്ടിലെ മഹാദുരന്തത്തിന്‍റെ അലയൊലികൾക്കിടെയാണ് കോഴിക്കോട് ജില്ലയിലെ വിലാങ്ങാടും ഉരുൾപൊട്ടലുണ്ടായി വൻ നാശനഷ്ടങ്ങൾ സംഭവിച്ചത്. ഒറ്റരാത്രികൊണ്ട് ജീവിതസമ്പാദ്യം നഷ്ടമായത് 18 കുടുംബങ്ങൾക്കാണ്. ഇവരുടെ വീടുകൾ പൂർണമായും തകർന്നു. 80-ഓളം വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. ‘ഇവിടെ ഒരു വീടുണ്ടായിരുന്നു’ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയ കൂനയിലേക്ക് കൈചൂണ്ടി സ്ഥലംകാണാനെത്തിയവരോട് വിലങ്ങാട്ടുകാർ ഇത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

വർഷങ്ങൾനീണ്ട അധ്വാനംകൊണ്ട് പടുത്തുയർത്തിയ വീട് എവിടെയെന്ന് തിരഞ്ഞുനടക്കേണ്ട അവസ്ഥയാണ് വിലങ്ങാട്ടുകാർക്ക്. ഇനി എന്തെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണവർ. 155-ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ഞക്കുന്ന് പാരിഷ് ഹാള്‍, വിലങ്ങാട് സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്, പാലൂര്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുണ്ട്. വ്യാഴാഴ്ച വെള്ളിയോട് ഹൈസ്‌കൂളും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ഉരുള്‍പൊട്ടിയതിന് ശേഷം പ്രദേശത്തുള്ളവര്‍ മാറിതാമസിച്ചതിനാലാണ് രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ ആളപായം കുറഞ്ഞത്.

ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ടുപോയ വീടുകളിലേക്കും ഭക്ഷണസാധനങ്ങളും മറ്റും കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വ്യാപകമായ പ്രചാരണം ഫലംകണ്ടു. യുവജന സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും നടത്തിയ ഇടപെടലിലൂടെ ആവശ്യ സാധനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മഞ്ഞച്ചീളി, പാലൂർ, വിലങ്ങാട്, കുറ്റല്ലൂർ, പാലൂർ, മലയങ്ങാട്, വാളാംതോട് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലിനെത്തുടർന്നുളള ദുരന്തത്തിന്റെ വ്യാപ്തി കൂടുതലായുള്ളത്. മഞ്ഞച്ചീളി കൊടിമരത്തുംമൂട്ടിൽ ഡൊമനിക് ജോസഫിന്റെ കൈയിൽ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമാണ് ബാക്കിയുള്ളത്.

വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കാർ, ഒരു ജീപ്പ്, മൂന്ന് ബൈക്ക് എന്നിവ പൂർണമായും നഷ്ടപ്പെട്ടു. ഹോണ്ടയിലെ സെയിൽസ് മാനേജരായിരുന്ന ഡൊമനിക് ജോസഫിന്റെയും റിട്ട. സീനിയർ നഴ്സിങ്‌ സൂപ്രണ്ട് ഭാര്യ ലൂസി ഡൊമനിക്കിന്റെയും സമ്പാദ്യമായിരുന്നു എല്ലാം. 2019-ലെ പ്രളയത്തിൽ തകർന്നതിനുശേഷം കോടികൾ മുടക്കി മാസങ്ങൾക്കുമുമ്പ്‌ ഉദ്ഘാടനംചെയ്ത ഉരുട്ടിപ്പാലം ഉൾപ്പെടെ 15 പാലങ്ങൾ തകർന്നു. ഉരുട്ടിപ്പാലത്തിന്റെ അനുബന്ധറോഡ് പാടെ നശിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വിലങ്ങാട് ടൗണിലെ പാലം, ഇന്ദിരാനഗർ, മഞ്ഞക്കുന്നിലെ രണ്ടുപാലം, വായാടകോളനി പാലം, വാളൂക്ക് പാലം, കുട്ടൻതോട് പാലം, പാലൂർ പാലം, മാടാഞ്ചേരി പാലം, കുറ്റല്ലൂർ, പുറക്കാട് എന്നിവിടങ്ങിലെ പാലങ്ങൾ എന്നിവ മലവെള്ളപ്പാച്ചിലിൽ തകർന്നു.

Related Articles

Back to top button