ഭിത്തിയും മേൽക്കൂരയും അടർന്ന് അപകടഭീഷണി; താമരശ്ശേരിയിൽ ഇരുനിലക്കെട്ടിടം പഞ്ചായത്ത് പൊളിച്ചുമാറ്റി

താമരശ്ശേരി : ശക്തമായ കാറ്റിൽപ്പെട്ട് ഭിത്തിയുടെയും മേൽക്കൂരയുടെയും ഭാഗങ്ങൾ അടർന്നുവീണ് യാത്രക്കാരുടെ ജീവന് ഭീഷണിയായതോടെ ദേശീയപാതയോരത്തെ കാലപ്പഴക്കം ചെന്ന കെട്ടിടം പഞ്ചായത്ത് അധികൃതർ പൊളിച്ചുമാറ്റി. താമരശ്ശേരി ചുങ്കത്തെ ഒരുനൂറ്റാണ്ടോളം പഴക്കമുള്ള ജീർണാവസ്ഥയിലായ ഇരുനിലക്കെട്ടിടമാണ് പ്രസിഡന്റ് എ. അരവിന്ദന്റെ നേതൃത്വത്തിൽ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അധികൃതർ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പൂർണമായും പൊളിച്ചത്.
വെള്ളിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ട് ഭിത്തിയടർന്ന് മാറുകയും മേൽക്കൂരയിൽ പാകിയ ഓടുകൾ പൊളിഞ്ഞുവീഴുകയും ചെയ്തതോടെയാണ് പ്രദേശവാസികളുടെയും യാത്രികരുടെയും സുരക്ഷ മുൻനിർത്തി അടിയന്തരനടപടി. ഒരുഭാഗം നേരത്തേ പൊളിഞ്ഞിരുന്ന കെട്ടിടത്തിൽ നിലവിൽ സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നിർദേശപ്രകാരം പോലീസ് സ്ഥലത്തെത്തി കെട്ടിടത്തിന്റെ അപകടാവസ്ഥ വിലയിരുത്തുകയും തുടർന്ന് പഞ്ചായത്ത്, റവന്യു അധികൃതർക്ക് വിവരം കൈമാറുകയുമായിരുന്നു.
തുടർന്ന് തഹസിൽദാർ കെ. ഹരീഷിന്റെ നേതൃത്വത്തിൽ റവന്യു അധികൃതരും താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, സെക്രട്ടറി ടി.കെ. ഫവാസ് ഷമീം, അസി. എൻജിനിയർ മിനി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തധികൃതരും സ്ഥലത്തെത്തി. മറിഞ്ഞുവീഴാറായ കെട്ടിടം അതേപടി നിർത്തുന്നത് അപകടമാണെന്നും എത്രയുംപെട്ടെന്ന് പൊളിച്ചുമാറ്റണമെന്നും വ്യക്തമാക്കി കളക്ടർക്കും ഡിസാസ്റ്റർ മാനേജ്മെന്റിനും തുടർന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. കെട്ടിടത്തിന്റെ ഉടമകളായ അമ്പായത്തോട് സ്വദേശികളോട് അടിയന്തരമായി സ്ഥലത്തെത്തി കെട്ടിടം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉടമകൾ അസൗകര്യം അറിയിച്ചു.
തുടർന്ന് കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഗണിച്ചും തദ്ദേശസ്ഥാപനത്തിന്റെ വിവേചനാധികാരമുപയോഗിച്ചും പഞ്ചായത്തധികൃതർ അടിയന്തര തീരുമാനം കൈക്കൊണ്ട് കെട്ടിടം പൊളിക്കുകയായിരുന്നു. താമരശ്ശേരി നഗരത്തിൽ ഏതാനും കെട്ടിടങ്ങൾ ജീർണിച്ച് അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്നുണ്ടെന്നും ഇവിടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകുമെന്നും താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അറിയിച്ചു.





