
വടകര : ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വഗാഡ് കമ്പനിക്കെതിരെ, വഗാഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്.
മാർച്ച് ചോറോട് വഗാഡ് ഓഫീസിന് ഏതാനും മീറ്ററകലെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ചോറോട് കൈനാട്ടി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ആളുകൾക്ക് പുറത്ത് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സമയ ബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ കമ്പനിക്ക് കഴിയുന്നില്ലെന്നും, നാഷണൽ ഹൈവെ കടന്ന് പോകുന്ന പ്രദേശത്ത് വഗാഡ് കമ്പനി ഏറ്റെടുത്ത് പ്രവർത്തി നടക്കുന്ന എല്ലാ ഭാഗത്തും വലിയ പരാതികൾ ഉള്ളതായും ഡിവൈഎഫ്ഐ ഉയർത്തിക്കാട്ടുന്നു.
മാർച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി മെംബർ കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു. ബ്രിജിത്ത് ബാബു അധ്യക്ഷത വഹിച്ചു. പി സുബീഷ്, കെ എൻ ആദർശ്, സബിഷ സി.കെ, എ കെ ഷിനിൽ, കെ കെ ഷനൂബ്, കെ പി ജിതേഷ്, കെ കെ ബബിത്ത് എന്നിവർ സംസാരിച്ചു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര ആശ്വാസനടപടികൾ വേണമെന്നും ഇല്ലെങ്കിൽ കടുത്ത സമരം നേരിടേണ്ടിവരുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പു നൽകി.





