സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴക്കിടെ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി. മരം പൊട്ടി വീണ് ഇടുക്കിയിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം തുറന്നു. മണിമലയാറ്റിലാണ് അതിഥി തൊഴിലാളിയെ ഒഴുക്കിൽപെട്ട് കാണാതായത്.
മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാൻ ഇറങ്ങിയതാണ്. മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കിൽപെട്ടത്. ഇവരിൽ രണ്ട് പേര് നീന്തിക്കയറി. ബിഹാർ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിലാണ് ശക്തമായ മഴയിലും കാറ്റിലും മരം വീണു രണ്ടു പേർക്ക് പരിക്കേറ്റത്. മരം ജീപ്പിന് മുകളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. പാറത്തോട് സ്വദേശികളായ മാരിമുത്തു(42), പെരിയസാമി(65) എന്നിവർക്കാണ് പരിക്കേറ്റത്.
മാരിമുത്തു ജീപ്പ് ഡ്രൈവറാണ്. ഗുരുതരമായി പരിക്കേറ്റ പെരിയ സ്വാമിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് അഗ്നിരക്ഷാനിലയത്തിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമായ ഘട്ടത്തിൽ 0471-2333101 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ശക്തമായ മഴയിൽ മലപ്പുറത്ത് ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. മുത്തപ്പൻ പുഴ, ആനക്കാം പൊയിൽ, അരിപ്പാറ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. താമരശ്ശേരി ചുങ്കം ഭാഗത്തും, കാരാടിയിലും ദേശീയ പാതയിൽ വെള്ളം കയറിയിട്ടുണ്ട്.
തൃശൂർ ജില്ലയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.





