
തിരുവനന്തപുരം: കൊതുകുജന്യരോഗങ്ങൾ ചെറുക്കാൻ മഴക്കാലപൂർവ ശുചീകരണമടക്കം പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇനിയുമെങ്ങുമെത്തിയില്ല. ഡെങ്കിപ്പനി വ്യാപിക്കുന്നതിനാൽ എല്ലാ ഞായറാഴ്ചകളിലും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും ജില്ലാഭരണകൂടങ്ങൾക്കും നിർദേശം നൽകിയിരുന്നെങ്കിലും കാര്യമായ ചലനമൊന്നുമില്ലാതെ കഴിഞ്ഞ ഞായറാഴ്ച കടന്നുപോയി.
ഡെങ്കിയും എലിപ്പനിയും ഭീഷണി ; മഴക്കാലരോഗങ്ങൾ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നാണ് അധികൃതർ പറയുന്നത്. ആവശ്യമായ ആശുപത്രികളിൽ പനിവാർഡുകൾ തുറക്കും. ഇടവിട്ടുള്ള വേനൽമഴ പെയ്തതോടെ സംസ്ഥാനത്ത് കൊതുകുജന്യരോഗങ്ങൾ പടരുന്നു. രണ്ടാഴ്ചയ്ക്കിടെമാത്രം 1400-ൽ അധികംപേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ജനുവരിക്കുശേഷം 16 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് എലിപ്പനി ബാധിക്കുകയും നാലുപേർ മരിക്കുകയും ചെയ്തു. ഇക്കൊല്ലംമാത്രം 88 പേർ എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വെസ്റ്റ്നൈൽ പനിക്കെതിരേയും ജാഗ്രതാനിർദേശമുണ്ട്.
ശനിയും ഞായറും ശുചീകരണം ; മേയ് 18, 19 തീയതികളിൽ ജനപങ്കാളിത്തത്തോടെ മഴക്കാല പൂർവശുചീകരണം നടത്താൻ തദ്ദേശവകുപ്പ് നിർദേശം നൽകി. മാലിന്യനിർമാർജനത്തിന് ശുചിത്വമിഷന്റെ സഹായംതേടിയിട്ടുണ്ട്.
നാലുജില്ലകളിൽ മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത ; മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ മന്ത്രി വീണാജോർജ് നിർദേശം നൽകി. മലപ്പുറത്തെ ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി.





