Malappuram

കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയ സംഭവം: സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും പിഴയും

Please complete the required fields.




മഞ്ചേരി : 74.6 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്ത കേസിൽ സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും അടയ്ക്കാൻ മഞ്ചേരി എൻ.ഡി.പി.എസ്. കോടതി ശിക്ഷ വിധിച്ചു.മൊറയൂർ കീരങ്ങാട്ട് തൊടി ഉബൈദുള്ള(28), കീരങ്ങാട്ട് തൊടി അബ്ദുറഹ്മാൻ(58), അബ്ദുറഹ്മാന്റെ ഭാര്യ സീനത്ത് (49) എന്നിവർക്കാണ് ജഡ്‌ജി എം.പി. ജയരാജ് ശിക്ഷ വിധിച്ചത്.2022 ജൂലായ് 31-ന് മൊറയൂരിൽവെച്ചാണ് കേസിനാസ്പദമായ സംഭവം.

പുലർച്ചെ രണ്ടുമണിയോടടുത്ത് കൊണ്ടോട്ടി മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിനു സമീപം റോഡരികിൽവെച്ച് സ്കൂട്ടറിൽ 5.5 കിലോഗ്രാം കഞ്ചാവ് കൈവശംവെച്ച് കടത്തിക്കൊണ്ടുവരുമ്പോഴാണ് ഉബൈദുള്ള പിടിയിലാകുന്നത്. ഇയാളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുവായ അബ്ദുറഹ്മാനും ഭാര്യയും താമസിക്കുന്ന മൊറയൂരിലെ വീട് എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ വീട്ടിലും വീടിനു സമീപം നിർത്തിയിട്ടിരുന്ന കാറിലുമായി സൂക്ഷിച്ചിരുന്ന 69.169 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു.തുടർന്ന് അബ്ദുറഹ്മാനെയും ഭാര്യ സീനത്തിനെയും മലപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ അധിക ചുമതലയുണ്ടായിരുന്ന മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ ഇ.ടി. ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. എക്സൈസ് ക്രൈംബ്രാഞ്ച് ഉത്തരമേഖല സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷ് ഹാജരായി.

Related Articles

Back to top button