
കൊച്ചി: മൊബൈൽ പൈലിങ് വാഹനമിടിച്ച് മാതൃഭൂമി ഏജന്റ് മരിച്ചു. പറവൂർ-ആലുവ റോഡിൽ ചേന്ദമംഗലം കവലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മാതൃഭൂമി പെരുമ്പടന്ന ഏജൻ്റ് നന്തി കുളങ്ങര കുറുപ്പംതറ കെ.വി. സോമൻ (72) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കുണ്ട്.
പടിഞ്ഞാറു ഭാഗത്തുനിന്നും വരികയായിരുന്ന പൈലിങ് വാഹനം കവലയിൽ ഇടതു വശത്തുനിന്നും കടന്നുവന്ന കാറിലിടിച്ചു. ശേഷം നിയന്ത്രണം വിട്ട പൈലിങ് വാഹനം കിഴക്കുഭാഗത്തുനിന്നും സൈക്കിളിൽ വരികയായിരുന്ന സോമനെ ഇടിച്ച ശേഷം വലതു വശത്തെ കെട്ടിടത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പഴക്കമേറെയുള്ള രണ്ടു നിലകളുള്ള കല്ലുങ്കൽ ബിൽഡിങ് തകർന്നു. ഗുരുതരമായി പരിക്കേറ്റ സോമൻ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകാൻ ചേന്ദമംഗലം റോഡിലൂടെ കവലയിലെത്തിയ കാർ ഓടിച്ചിരുന്ന കൊടുങ്ങല്ലൂർ എടവിലങ്ങ് ചിറ്റേഴത്ത് മോഹൻകുമാറിനെ ( 20) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ മൊബൈൽ പൈലിങ് വാഹനത്തിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വാഹനത്തിൻ്റെ ക്യാമ്പിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
അപകട സമയത്ത് മഴയുണ്ടായിരുന്നു. ഇടുങ്ങിയ ചേന്ദമംഗലം കവല സ്ഥിരം അപകടമേഖലയാണ്. ബുധനാഴ്ച പുലർച്ചെ മൂന്നിന് ബസ്സും കാറും കൂട്ടിയിടിച്ച് ഇവിടെ വലിയ അപകടം ഉണ്ടായിരുന്നു. .അഗ്നിരക്ഷാസേനയെത്തിയാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
43 വർഷമായി മാതൃഭൂമി ഏജൻ്റായ സോമൻ, നന്തി കുളങ്ങരയിലെ വീട്ടിൽ നിന്നും പറവൂരിൽ പത്രവിതരണത്തിനു വരികയായിരുന്നു. ഭാര്യ കെ.സി. രമ. മക്കൾ: വർഷ, മേഘ. മരുമക്കൾ: സിബു പടിക്കൽ (മാലദ്വീപ്), വി.ജെ. അനീഷ് (ദുബായ്). പറവൂർ ഗവ. ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം തോന്ന്യകാവ് ശ്മശാനത്തിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് സംസ്കരിക്കും.





