
കോഴിക്കോട്: സമുദ്രാന്തര്‍ഭാഗങ്ങളിലെ ജീവികള്‍ക്കും മനുഷ്യന്റെ ഇടപെടല്‍ ഭീഷണിയാവുന്നു. അമിതമായ മീന്‍പിടിത്തം ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന സ്രാവ്, തിരണ്ടി മത്സ്യ ഇനങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്ന് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണം സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായ ആഴക്കടല്‍ മത്സ്യവേട്ടയാണ് നടക്കുന്നത്.
ഇരുന്നൂറുമീറ്ററിലേറെ ആഴമുള്ള ഭാഗങ്ങളെയാണ് ആഴക്കടലായി വിലയിരുത്തുന്നത്. മനുഷ്യരുടെ ഇടപെടലുകള്‍ കുറവായതിനാല്‍ ജീവികള്‍ക്ക് സുരക്ഷിതമായ താവളമാണ് ആഴക്കടലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ ധാരണ ശരിയല്ലെന്നാണ് ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന 521 സ്രാവ്, തിരണ്ടി സ്പീഷിസുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ വിലയിരുത്തി വിവിധരാജ്യങ്ങളിലെ ഗവേഷകര്‍ തയ്യാറാക്കിയ പഠനം വ്യക്തമാക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഐ.യു.സി.എന്‍. ചുവപ്പുപട്ടികയില്‍ 120 ആഴക്കടല്‍ സ്രാവ്, തിരണ്ടി ഇനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ ഇനങ്ങള്‍ക്കും വംശനാശം സംഭവിച്ചിട്ടില്ലെങ്കിലും ഗുല്‍പര്‍ സ്രാവുകള്‍ ഭക്ഷ്യാവശ്യത്തിനായി ലഭ്യമല്ലാതായിക്കഴിഞ്ഞു. 2014-ലെ വിലയിരുത്തലിനെ അപേക്ഷിച്ച് ഭീഷണിയിലുള്ള ഇനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി.
ഇന്ത്യയില്‍ 45 ആഴക്കടല്‍ സ്രാവ് സ്പീഷിസുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഡോഗ് ഷാര്‍ക്ക്, ബ്രാംബിള്‍ ഷാര്‍ക്ക്, ഗള്‍പര്‍ ഷാര്‍ക്ക് തുടങ്ങി എട്ട് ആഴക്കടല്‍ സ്രാവിനങ്ങള്‍ കേരളതീരങ്ങളിലുണ്ട്. കേരളം, തമിഴ്നാട്, അന്തമാന്‍ ദ്വീപ് തീരങ്ങളില്‍നിന്ന് വര്‍ഷത്തില്‍ 3000 ടണ്‍ ആഴക്കടല്‍ സ്രാവിനങ്ങളെ പിടികൂടുന്നുണ്ടെന്ന് പഠനസംഘത്തിലെ അംഗമായ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചെന്നൈ കേന്ദ്രം സയന്റിസ്റ്റ് ഡോ. കെ.കെ. ബിനീഷ് പറഞ്ഞു.





