സൂര്യനില്‍ അതിശക്തമായ ആളിക്കത്തല്‍, ഭൂമിയെ ഉലച്ച് കാന്തികപ്രവാഹം; ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തം

ആറ് വര്‍ഷക്കാലത്തിനിടെ ഏറ്റവും ശക്തമായ ഭൗമകാന്തിക പ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യനില്‍ നിന്ന് ഭൂമിയെ ലക്ഷ്യമാക്കിയെത്തിയത്. ശനിയാഴ്ച സൂര്യനിലുണ്ടായ അതിശക്തവും അപൂര്‍വവുമായ ‘ഡബിള്‍ എക്സ്-ക്ലാസ്’ സൗരജ്വാലയാണ് ഇതിന് കാരണമായത്. ഈ കാന്തികപ്രഭാവം ഭൂമിയുടെ കാന്തികമണ്ഡത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭൂമിയിലെ റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെ അത് ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ തോതിലുള്ള ധ്രുവദീപ്തി (അറോറ) ക്കും കാന്തികപ്രവാഹം കാരണമാകും.
ജനങ്ങളെ സംബന്ധിച്ച് ഇത് ആശങ്കപ്പെടേണ്ട കാര്യമല്ല. വിമാനങ്ങളിളും കണ്ട്രോള് സെന്ററുകളും തമ്മില്‍ ആശയവിനിമയം നടത്താനുപയോഗിക്കുന്ന റേഡിയോബന്ധങ്ങളെ ഇത് ബാധിക്കാനിടയുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഉപഗ്രഹങ്ങള്‍ വഴിയുള്ള ആശയവിനിമയത്തെയാണ് ഭൂരിഭാഗം വിമാനങ്ങളും ആശ്രയിക്കുക.
വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും ഈ ഭൗമകാന്തിക കൊടുങ്കാറ്റ് തടസം സൃഷ്ടിക്കും. പവര്‍ഗ്രിഡുകളെയും ഇത് ബാധിക്കാറുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ കൊളറാഡോയിലെ നോവ സ്പേസ് വെതര്‍ പ്രെഡിക്ഷന് സെന്റര്‍ പുറത്തിറക്കിയിരുന്നു.
ഓരോ 11 വര്‍ഷവും സൂര്യന്റെ കാന്തികമണ്ഡലത്തില്‍ മാറ്റമുണ്ടാവാറുണ്ട്. സൂര്യന്റെ ദക്ഷിണ, ഉത്തര ധ്രുവങ്ങള്‍ തമ്മില്‍ മാറും. ആ സമയത്ത് സൂര്യനില്‍ ഇത്തരം സൗരവാതം, സൗര പ്രഭാമണ്ഡലത്തില്നിന്നുള്ള പ്ലാസ്മയുടെയും കാന്തികമണ്ഡലത്തിന്റെയും പുറന്തള്ളല്‍ എന്നിവ ശക്തമാകും. ‘സോളാര്‍ മാക്സിമം’ എന്നാണ് ഈ കാലയളവിന്റെ അവസാന ഘട്ടം അറിയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ സൗരവാതകൊടുങ്കാറ്റുകള് ഭൂമിയെ ലക്ഷ്യമാക്കി എത്തിയേക്കും.





