
കൊയിലാണ്ടി : നേരം ഇരുട്ടിയാൽ കൊയിലാണ്ടി സ്റ്റേഡിയം ലഹരിവിൽപ്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും വിഹാരകേന്ദ്രം. ബുധനാഴ്ച പുലർച്ചെയാണ് സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതലഹരി ഉപയോഗത്തെത്തുടർന്നാണ് മരണമെന്നാണ് പോലീസ് നിഗമനം. മറ്റൊരുയുവാവ് ലഹരി ഉപയോഗത്തെത്തുടർന്ന് അബോധാവസ്ഥയിലായിരുന്നു. സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്തെ തകർന്നഗേറ്റ് കടന്നാണ് ലഹരിനുണയാൻ ആളുകളെത്തുന്നത്. ഈഭാഗത്തെ ഗാലറിക്കുസമീപം ഉപയോഗിച്ച സിറിഞ്ചുകൾ, ഒഴിഞ്ഞ ലഹരി പാക്കറ്റുക്കൾ, വെള്ളക്കുപ്പികൾ എന്നിവയെല്ലാം ചിതറിക്കിടപ്പാണ്.
സ്റ്റേഡിയത്തിലേക്കുള്ള വഴികൾ ഇരുമ്പുവേലി സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്ന് കായികതാരങ്ങളും സമീപവാസികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും സ്റ്റേഡിയത്തിന്റെ ചുമതലയുള്ള സ്പോർട്‌സ് കൗൺസിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്റ്റേഡിയത്തിന് പിന്നാമ്പുറത്തെ ഗേറ്റുകളും തകർന്ന് കിടപ്പാണ്. സ്റ്റേഡിയത്തിൽ പലയിടത്തും വലിച്ചെറിഞ്ഞ മദ്യക്കുപ്പികൾ കാണാം. സ്റ്റേഡിയത്തിൽ കളിക്കാനും വ്യായാമത്തിനും എത്തുന്നവരുടെ കാലിൽ കുപ്പിച്ചില്ലുകൾ തുളച്ചുകയറിയ സംഭവമുണ്ടായിട്ടുണ്ട്.
കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവ് മരിച്ചസംഭവത്തിൽ സമഗ്രാന്വേഷണംവേണമെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരിമാഫിയാസംഘത്തിന് ഇതിൽ ബന്ധമുണ്ട്. കൊയിലാണ്ടി റെയിൽവേസ്റ്റേഷനും ബസ് സ്റ്റാൻഡ് പരിസരവും കേന്ദ്രീകരിച്ച് ലഹരികച്ചവടസംഘം പ്രവർത്തിക്കുന്നുണ്ട്. തീവണ്ടിമുഖേനയെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾ വിദ്യാർഥികൾക്കും, ചെറുപ്പക്കാർക്കും വിതരണം ചെയ്യാൻ വലിയൊരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരേ ജനങ്ങൾ രംഗത്തിറങ്ങണം. പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.
ലഹരിമാഫിയയെ നിലയ്ക്കുനിർത്തണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളീധരൻ തോറോത്ത് ആവശ്യപ്പെട്ടു. ഇതിനെ പിൻപറ്റി തഴച്ചുവളരുന്ന ക്വട്ടേഷൻസംഘങ്ങൾ നടത്തുന്ന അക്രമങ്ങൾ സമാധാനജീവിതത്തിന് ഭീഷണിയാണ്. ഇക്കാര്യത്തിൽ പോലീസും എക്സൈസും പുലർത്തുന്ന നിസ്സംഗതയ്ക്കെതിരേ സമരരംഗത്തിറങ്ങുമെന്നും കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കണമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എസ്.ആർ. ജയകിഷ് ആവശ്യപ്പെട്ടു.





