Thrissur

‘പ്രമുഖരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് പാർട്ടി ജില്ലാ അധ്യക്ഷൻ, ഗോപിയാശാന് മാനസപൂജ ചെയ്യും’ – സുരേഷ് ഗോപി

Please complete the required fields.




തൃശൂര്‍: കലാണ്ഡലം ഗോപിയുടെ മകന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കൂടുതല്‍ പ്രതികരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത് ബിജെപി ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്‍റെ മകന്‍റെ പോസ്റ്റ് വായിച്ചിട്ടില്ല.

മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നല്‍കി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഗോപിയാശാന്‍റെ ഡോക്യൂമെന്‍ററി ഞാനാണ് പ്രകാശനം ചെയ്തത്. മകന്‍റെ പ്രതികരണം ഗോപിയാശാന്‍റെ മനസ്സാണോ എന്നത് അറിയില്ല. പ്രമുഖരായ കലാകാരന്മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാര്‍ത്ഥികളും കാണുന്നതാണ്. താനൊരു ഗുരുത്വത്തിന്‍റെ പേരിലാണ് ഇത്തരത്തില്‍ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്. ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. അത്തരത്തില്‍ ഗോപിയാശാൻ ഗുരുതുല്യനാണ്. ഗുരുവെന്ന നിലയില്‍ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ട്.

പാര്‍ട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയും. ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമര്‍പ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കില്‍ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ കാണാൻ കഴിയാത്തവര്‍ക്കായി മനസുകൊണ്ട് പൂജ അര്‍പ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ മണലൂര്‍ വെസ്റ്റ് സെന്‍റ് ജോസഫ് ചര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന നേരത്തെയുള്ള പ്രതികരണം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ കൂടുതല്‍ പ്രതികരണം. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ​ഗുരുകൃപ പിന്‍വലിച്ചിരുന്നു.

ഇന്നലെ താനിട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ​ഗോപി അച്ഛനായ കലാമണ്ഡലം ​ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്. കലാമണ്ഡലം ​ഗോപിയെ കാണാൻ സുരേഷ് ​ഗോപി വരുമെന്നും പത്മഭൂഷൻ കിട്ടേണ്ടേ, അതിനാൽ സമ്മതിക്കണമെന്നും കുടുംബ ഡോക്ടർ ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നുവെന്നാണ് മകൻ പറഞ്ഞത്. എന്നാൽ സുരേഷ് ​ഗോപിയോട് വരേണ്ടതില്ലെന്ന് പറയുകയായിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്. എന്നാൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോസ്റ്റ് പിൻവലിച്ചതെന്ന് മകൻ പിന്നീട് പറഞ്ഞു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു മകന്റെ വിശദീകരണം.

Related Articles

Back to top button