
കോഴിക്കോട് :20 മാസത്തിനുശേഷം തുറക്കുന്ന സ്‌കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്താൻ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ജില്ലയിലെ വിവിധ സ്‌കൂളുകൾ സന്ദർശിച്ചു. നടക്കാവ് ജിവിഎച്ച്എസ്, പരപ്പിൽ എംഎം വിഎച്ച്എസ്എസ്, പരപ്പിൽ ജിഎൽപി സ്‌കൂളുകളാണു സന്ദർശിച്ചത്.ക്ലാസ് മുറികൾ, ശുചിമുറി സൗകര്യങ്ങൾ, കെട്ടിടങ്ങൾ, പാചകപ്പുര, ഉപകരണങ്ങൾ, ജലസംഭരണി, അടുക്കള, കന്റീൻ, വാഷ്ബേസിൻ, ലാബ്, ലൈബ്രറി എന്നിവ ഉൾപ്പെടെ അണുവിമുക്തമാക്കുന്നതും സ്‌കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് അനുയോജ്യ പെരുമാറ്റ രീതികളും സംബന്ധിച്ചു കലക്ടർ സ്‌കൂൾ അധികൃതരുമായി സംസാരിച്ചു.
കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ചയുണ്ടാകരുതെനന്നു കലക്ടർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കുട്ടികളുടെ സുരക്ഷയ്ക്കു പ്രാധാന്യം നൽകി സ്‌കൂളുകൾ പ്രവർത്തിക്കണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഇരിപ്പിടങ്ങൾ സജ്ജീകരിക്കണം. തെർമൽ സ്‌കാനിങ്, സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവ വിദ്യാലയങ്ങളിൽ ലഭ്യമാക്കണമെന്നും കലക്ടർ പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനിയും കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു.





