
അടൂര്‍: 15 വയസ്സുകാരിയെ പീഡിപ്പിച്ച വളര്ത്തച്ഛന് 74 വര്‍ഷം കഠിനതടവും അഞ്ചുലക്ഷത്തി എഴുപത്തയ്യായിരം രൂപ പിഴയും ശിക്ഷ. അടൂര്‍ ചൂരക്കോട് സ്വദേശിയെ ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴത്തുക അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷവും 20 മാസവും കൂടി അധികശിഷ അനുഭവിക്കണം.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയായിരുന്നു പരാതിക്കാര്‍. 2018 ഏപ്രിലിലാണ് പെണ്‍കുട്ടിയെ സംരക്ഷിക്കുന്നതിനായി പ്രതിയും ഭാര്യയും ഏറ്റെടുത്തത്. ഭാര്യ വീട്ടില്‍ ഇല്ലാത്തസമയത്ത് പെണ്‍കുട്ടിയെ പലപ്പോഴായി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. പെണ്‍കുട്ടി പീഡനവിവരം പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ അറിയിച്ചു.
2022 ജൂലായ് 22-ന് ഒളിവില്‍പോയ പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി. സ്മിത ജോണ്‍ ഹാജരായി. അടൂര്‍ എസ്.എച്ച്.ഒ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്. പ്രതിയുടെ ഭാര്യ രണ്ടാം പ്രതിയായിരുന്നെങ്കിലും കുറ്റക്കാരിയല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു.





