
കരിപ്പൂര്‍: കള്ളക്കടത്തുസ്വര്‍ണം തട്ടിയെടുക്കുന്നതിന്റെ ഭാഗമായി വ്യാജ സ്വര്‍ണവുമായി വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ യാത്രക്കാരന്‍ കസ്റ്റംസ് പിടിയിലായി. പയ്യോളി മേപ്പയൂര്‍ തട്ടാര്‍പൊയില്‍ ഒറ്റക്കണ്ടത്തില്‍ നൗഷാദിനെയാണ്(33) കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റംസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ചോദ്യംചെയ്യലില്‍ തന്റെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് നൗഷാദ് സമ്മതിക്കുകയും നാലു ക്യാപ്സൂളുകള്‍ നൗഷാദ് ഉദ്യോഗസ്ഥര്‍ക്ക് എടുത്തുകൊടുക്കുകയും ചെയ്തു. എന്നാല്‍ 262 ഗ്രാം തൂക്കം മാത്രമാണ് ആ നാലു ക്യാപ്സൂളുകള്‍ക്കുമായി ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ അവ വ്യാജ സ്വര്‍ണ ക്യാപ്സൂളുകളാണെന്ന് നൗഷാദ് സമ്മതിച്ചു. ദോഹയില്‍നിന്ന് വിമാനം കയറുന്നതിനുമുന്‍പുതന്നെ യഥാര്‍ഥ സ്വര്‍ണമടങ്ങുന്ന ക്യാപ്സൂളുകള്‍ അവിടെ ഒരാള്‍ക്ക് കൈമാറിയെന്നും വ്യാജ ക്യാപ്സൂളുകള്‍ പകരം വാങ്ങി ശരീരത്തിനകത്ത് വെച്ച് യാത്ര ചെയ്യുകയാണ് ചെയ്തതെന്നും നൗഷാദ് വ്യക്തമാക്കി.
ഇത്തരത്തില്‍ കടത്തുസ്വര്‍ണം കൈമാറുന്നതിനു കൂട്ടുനിന്നതിന് തനിക്കു പത്ത് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം നല്‍കിയിരുന്നതായും അയാള്‍ വ്യക്തമാക്കി. കടത്തുസ്വര്‍ണം ഇങ്ങനെ തട്ടിയെടുക്കുന്ന ‘പൊട്ടിക്കല്‍’ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കസ്റ്റംസ് പിടികൂടുമ്പോള്‍ നല്‍കുന്ന സമന്‍സ് ദുരുപയോഗം ചെയ്ത് വ്യാജ സമന്‍സുകള്‍ ഉണ്ടാക്കി കള്ളക്കടത്തുസംഘത്തെ പറ്റിക്കുകയാണ് പൊട്ടിക്കല്‍ സംഘത്തിന്റെ രീതി. ഈ സംഘംതന്നെയാണ് താന്‍ വരുന്ന വിവരം കസ്റ്റംസിനു നല്‍കിയതെന്നും നൗഷാദ് വ്യക്തമാക്കി. കസ്റ്റംസ് തുടരന്വേഷണം ആരംഭിച്ചു.





