
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ബാഴ്സലോണ, പിഎസ്ജി, എസി മിലാൻ ടീമുകൾ ആദ്യ മത്സരത്തിനിറങ്ങും. യൂറോപ്പ്യൻ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാരെ തേടിയുള്ള വമ്പൻ പോരാട്ടത്തിന് ഇന്ന് ആദ്യ വിസിൽ, നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളി, സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രേഡാണ്. സൂപ്പർ കപ്പിലൂടെ സിസ്റ്റണിലെ കിരീടവേട്ട തുടങ്ങിയ സിറ്റി.
പ്രീമിയർ ലീഗിൽ അഞ്ചിൽ അഞ്ച് കളിയും ജയിച്ച് മിന്നും ഫോമിലാണ്. എർലിംഗ് ഹാലണ്ടിന്റെ മാരക ഗോളടി മികവ് തന്നെയാണ് സിറ്റിയുടെ കരുത്ത്. കൂട്ടിന് ഹൂലിയൻ അൽവാരസ്, ഫിൽ ഫോഡൻ, ബെർണാഡോ സിൽവ, റൊഡ്രി എന്നിവരുമുണ്ട്. എല്ലാത്തിനുമപ്പുറം പെപ് ഗാർഡിയോളയെന്ന ബുദ്ധിരാക്ഷസന്റെ തന്ത്രങ്ങളും. രാത്രി പന്ത്രണ്ടരക്കാണ് മത്സരം. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു കളിയിൽ മുൻ ചാംപ്യന്മാരായ ബാഴ്സലോണ, ബെൽജിയം ക്ലബ് ആന്റ്വെർപ്പിനെ നേരിടും.
സിറ്റിയെ കിരീടത്തിലേക്ക് നയിച്ച ഇൽക്കെ ഗുന്ദോകൻ, യാവോ ഫെലിക്സ്, യാവോ കാൻസലോ എന്നീ പുത്തൻ സൈനിംഗുകൾക്കൊപ്പം റൊബർട്ട് ലെവൻഡോവ്സ്കി, ഗാവി, ഹാജി ഡിയോംഗ്, റാഫീഞ്ഞ എന്നിവരാണ് ബാഴ്സയുടെ കരുത്ത്. പിഎസ്ജി, ബൊറൂസിയ ഡോർഡ്മുണ്ട് വമ്പൻ പോരാട്ടവും ഈ സമയത്തുണ്ട്. ലിയോണൽ മെസിയും നെയ്മർ ജൂനിയറും ക്ലബ് വിട്ടതോടെ കിലിയൻ എംബാപ്പെയ്ക്ക് കൂട്ടിന് ഡെംബേലെ, അലൻസിയോ അടക്കമുള്ളവരെ നൽകിയാണ് പിഎസ്ജി ആദ്യ ചാംപൻസ് ലീഗ് കിരീടം തേടിയുള്ള പോരിനിറങ്ങുന്നത്. അത് ലറ്റികൊ മാഡ്രിഡ്, ലാസിയോ മത്സരവും രാത്രി പന്ത്രണ്ടരയ്ക്കുണ്ട്. രാത്രി പത്തേ കാലിന് തുടങ്ങുന്ന എസി മിലാൻ ന്യൂകാസിൽ യുണൈറ്റഡ് പോരാട്ടവും ആദ്യ ദിനത്തെ ആവേശകരമാക്കും





