
കോഴിക്കോട് : കോഴിക്കോട് പുതിയപാലത്ത് നിന്ന് പട്ടാപ്പകല്‍ ഓട്ടോ മോഷ്ടിച്ച ഉത്തര്പ്രദേശുകാരന് രാഹുല്‍കുമാര്‍ പൊലീസ് പിടിയില്‍. ഒരാഴ്ചയോളം കറങ്ങി നടന്ന കള്ളനെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ഓട്ടോയും കണ്ടെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയങ്ങാടി സ്വദേശിയുടെ ഓട്ടോ പുതിയപാലത്തെ പള്ളിക്ക് സമീപത്ത് നിന്ന് മോഷണം പോയത്. നഗരം മുഴുവന്‍ അരിച്ചുപെറുക്കിയ പൊലീസ് ഒടുവില്‍ കഴിഞ്ഞദിവസം ആളെ പിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പുതിയപാലം റോഡിലൂടെ അലസമായി നടന്നുപോകുന്ന രാഹുല്‍ പള്ളിക്ക് സമീപത്തെ റോഡിലേക്ക് കയറുന്നു. ഒരു മിനിറ്റിനുള്ളില്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുമായി രക്ഷപെടുന്നു. പീന്നീട് മറ്റൊരു ഇടവഴിയിലൂടെ ഓട്ടോയുമായി പോകുന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടി.
കഴിഞ്ഞദിവസം പാളയം പളളിക്ക് സമീപത്ത് വെച്ചാണ് രാഹുല്‍കുമാറിനെ പൊലീസ് പിടികൂടിയത്. പൊലീസിന്റ ആത്മാര്‍ഥമായ ശ്രമം കൊണ്ട് മാത്രമാണ് ഓട്ടോ തിരിച്ചുകിട്ടിയതെന്ന് ഉടമ പ്രതികരിച്ചു. ഓട്ടോ മോഷ്ടിച്ചത് എന്തിനുവേണ്ടിയാണന്ന് വ്യക്തമല്ല. നാലുമാസം മുമ്പ് കോഴിക്കോടെത്തിയ രാഹുല്‍ ഒരു പലഹാരക്കടയിലെ ജോലിക്കാരനാണ്.





