
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കച്ച്നു മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ ജൂലൈ 25- 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായത് കണ്ടക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കുൾപ്പെടെ അവധി ബാധകമാണ്.





