
പേരാമ്പ്ര : പെരുവണ്ണാമൂഴിക്ക് സമീപം കൂത്താളി ജില്ലാ കൃഷിഫാമിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വനമേഖലയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ജില്ലാ കൃഷിഫാമിൽ മൂന്നുദിവസം തുടർച്ചയായി രാത്രിയിൽ കാട്ടാനക്കൂട്ടം എത്തി. വനത്തോടു ചേർന്നുള്ള പുഴ കടന്ന് ഫാമിനുചുറ്റമുള്ള കമ്പിവേലി തകർത്താണ് കുട്ടികളടക്കമുള്ള ആനക്കൂട്ടം അകത്ത് കടന്നത്. കഴിഞ്ഞദിവസം ഫാമിൽ കടന്നപ്പോൾ തെങ്ങുകൾ, കവുങ്ങുകൾ, വാഴ, തീറ്റപ്പുൽ എന്നിവയെല്ലാം കാട്ടാന നശിപ്പിച്ചു.
നൂറേക്കറോളം വരുന്ന വിശാലമായ ഫാമിൽ മുമ്പും ആനകളെത്തി കൃഷി നശിപ്പിച്ചിട്ടുണ്ടെങ്കിലും കുറച്ചുകാലമായി ഫാമിൽ ആനയുടെ ശല്യമുണ്ടായിരുന്നില്ല. കുരങ്ങ്, പന്നി, മയിൽ, മാൻ എന്നിവയെല്ലാം ഈ ഭാഗങ്ങളിൽ സ്ഥിരമായി എത്തി കൃഷി നശിപ്പിക്കാറുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യമുണ്ട്. പെരുവണ്ണാമൂഴി വട്ടക്കയം, മുതുകാട്, ചെമ്പനോട ആലമ്പാറ, പൂഴിത്തോട്, മാവട്ടം എന്നിവിടങ്ങളിലെല്ലാം ആനകൾ കൃഷി നശിപ്പിക്കാൻ എത്തുക പതിവാണ്.





