
കോഴിക്കോട് : ഏകാരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കായി മലയാളിശാസ്ത്രജ്ഞന് 25 കോടിരൂപയുടെ യു.എസ്. ഗ്രാന്റ്. കോഴിക്കോട് വടകര സ്വദേശി ഡോ. ഷാൻകുമാർ മൂയോത്തിനാണ് ഈ നേട്ടം. ഇവല്യൂഷൻ ആൻഡ് ഇക്കോളജി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് (ഇ.ഇ.ഐ.ഡി.) എന്ന അന്താരാഷ്ട്ര ബൃഹദ്ഗവേഷണപദ്ധതിയുടെ ഭാഗമായാണ് ഗ്രാന്റ് ലഭിച്ചത്.
യു.എസി.ലെ ഓബൺ സർവകലാശാലയിൽ പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ് ഷാൻ. മാറുന്ന സാമൂഹിക, പാരിസ്ഥിതിക സാഹചര്യങ്ങളിൽ മനുഷ്യരും മറ്റു ജീവികളുമായുള്ള സഹവർത്തിത്വം എങ്ങനെയാണ് പുതിയ മാരകരോഗാണുക്കളെ സൃഷ്ടിക്കുന്നതെന്നു പഠിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.
ആൻറിബയോട്ടിക്കുകളുടെ ദീർഘമായ ഉപയോഗംമൂലം മനുഷ്യരിൽ, പ്രത്യേകിച്ചും പ്രായമുള്ളവരിൽ കണ്ടുവരുന്ന ക്ലോസ്ട്രിഡിയം ഡിഫിസൈൽ ഇ ൻഫെക്ഷൻ എന്ന രോഗത്തെയാണ് ഷാനിന്റെ ലബോറട്ടറി പഠനവിധേയമാക്കിയത്.
ഈ പ്രാഥമികതെളിവുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഗവേഷണപ്രോജക്ട് ഇ.ഇ.ഐ.ഡി. ഗവേഷണപദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മനുഷ്യരെയും മൃഗങ്ങളെയും സംബന്ധിക്കുന്ന വൈദ്യശാസ്ത്രവിഭാഗങ്ങൾക്കൊപ്പം പാരിസ്ഥിതികശാസ്ത്രങ്ങളെയും സംയോജിപ്പിച്ച് വിഭാവനംചെയ്യപ്പെട്ട ഏകാരോഗ്യം (One Health) എന്ന നവസങ്കല്പത്തെ പ്രോത്സാഹിപ്പിക്കുന്ന ഗവേഷണപദ്ധതിയാണ് ഇ.ഇ. ഐ.ഡി. യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും നാഷണൽ സയൻസ് ഫൗണ്ടേഷനുമാണ് സാമ്പത്തികസഹായം നൽകുന്നത്.
ജനിതകപഠനങ്ങളോടൊപ്പം കൃത്രിമബുദ്ധിയും സങ്കീർണമായ ഗണിതമാതൃകകളും ആസ്പദമാക്കി ആസൂത്രണംചെയ്ത ഈ ഗവേഷണപദ്ധതിയിൽ ഒബേൺ യൂണിവേഴ്സിറ്റിക്കുപുറമേ യു.എസിലെ മായോ ക്ലിനിക്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഡേവിസ്, യൂണിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ട്, അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങൾ പങ്കാളികളാണ്.





