കലോത്സവ സ്വാഗതഗാന വിവാദം, നിലവിൽ അവതരിപ്പിച്ച സംഘത്തിന് ഇനി അവസരം നൽകില്ല; മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: കലോത്സവ സ്വാഗതഗാന വിവാദത്തിൽ കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ അവതരിപ്പിച്ച സംഘത്തിന് ഇനി അവസരം നൽകില്ല. കലോത്സവ സ്വാഗത ഗാനം വേദിയിൽ അവതരപ്പിക്കുന്നതിന് മുൻപ് പരിശോധിച്ചിരിന്നു. എന്നാൽ അപ്പോൾ വേഷം ഉണ്ടായിരുന്നില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം. അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. വെജ് ആവശ്യമുള്ളവർക്ക് വെജും നോൺ വെജ് ആവശ്യമുള്ളവർക്ക് അതും കഴിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തിൽ സർക്കാർ തന്നെയാണ് മറുപടി പറയേണ്ടതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയ പരിപാടി ആര് അന്വേഷിക്കണമെന്നാണ് പറയുന്നത്. ഇത് പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ അന്വേഷിക്കണം എന്നാണോ പറയുന്നതെന്നും കെ. മുരളീധരൻ ചോദിച്ചു. ഒരു മതവിഭാഗത്തെ ഭീകരർ ആയി ചിത്രീകരിച്ചത് അന്വേഷിക്കുക തന്നെ വേണം. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിൽ അല്ല ഈ സംഭവമുണ്ടായത്. കേരള സർക്കാർ നടത്തിയ പരിപാടിയാണ് കലോത്സവം. അപ്പോൾ അതിന്റെ ഉത്തരവാദിത്വവും സർക്കാരിന് തന്നെയാണെന്നും മുരളീധരൻ വ്യക്തമാക്കി.
കാശില്ലാത്തവൻ കളിയും കാണേണ്ട, ദ്വീപിൽ ഉള്ളവൻ നഗരവും കാണേണ്ട എന്ന തരത്തിലാണ് കായിക മന്ത്രിയുടെ അഭിപ്രായ പ്രകടനം.
സംഘി ഭരിക്കുന്ന സംസ്ഥാനത്ത് അല്ല, കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന സംസ്ഥാനത്ത് ആണ് ഈ അവസ്ഥയെന്ന് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു.
കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന രംഗത്തെത്തി. പരിപാടിയിൽ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു രാഷ്ട്രീയവും പരിപാടിയിൽ ഇല്ലായിരുന്നു, 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപും സർക്കാർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് .ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് പറഞ്ഞു.
അതിനിടെ സ്വാഗതഗാനത്തിലെ വിവാദ ചിത്രീകരണത്തില്‍ നടപടി വേണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദൃശ്യാവിഷ്‌കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.





