
കോഴിക്കോട് : കോഴിക്കോട്ടിപ്പോൾ ഏത് അർജന്റീനക്കാരനെത്തിയാലും സ്വന്തം നാടിനെയോർത്ത് ഒന്ന് ത്രസിക്കും. ഒരുവേള സ്വന്തം നാട്ടിൽത്തന്നെയാണോ എന്ന് തോന്നിപ്പിക്കുംവിധമാണ് നിറയെ അർജന്റീനയുടെ പതാകയും താരങ്ങളുടെ കട്ടൗട്ടുകളും.
അർജന്റീനയിൽനിന്ന് ലോകം ചുറ്റാനിറങ്ങിയ ഫാബ്രിക്യോ അഡ്രിയാൻ ബ്യൂററ്റ് കോഴിക്കോട്ടുകാരുടെ ഈ ഫുട്ബോൾ ആരാധനയുടെ കഥ കേട്ടാണ് നേരെ ഇങ്ങോട്ട് വെച്ചുപിടിച്ചത്. യോഗയെക്കുറിച്ചറിയാനാണ് ഫാബ്രിക്യോ ഇന്ത്യയിലെത്തിയത്. ഇവിടുത്തെ ആത്മീയ പരിസരങ്ങളാണ് അദ്ദേഹത്തെ ആകർഷിച്ചത്. നാടുചുറ്റുന്നതിനിടയിലാണ് പുള്ളാവൂർ പുഴയിലെ മെസിയുടെ വമ്പൻ കട്ടൗട്ട് ഉൾപ്പെടെയുള്ള കോഴിക്കോടിന്റെ ലാറ്റിനമേരിക്കൻ പ്രേമത്തെക്കുറിച്ച് കേട്ടത്. കോഴിക്കോട്ടെത്താൻ അദ്ദേഹത്തിന് കുറച്ച് സാഹസപ്പെടേണ്ടിയുംവന്നു. വിസപ്രശ്നം കാരണം നേപ്പാളിലേക്ക് പോയി വന്നശേഷമാണ് കോഴിക്കോട്ടെത്താനായത്.
ഇവിടെ എത്തിയപ്പോഴാണ് തന്റെ രാജ്യത്തിന് ഇവിടെ ഇത്രയധികം ആരാധകർ ഉള്ളതായി അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബോൾ ആവേശത്തിന്റെ ‘വൈബ്’ എവിടെക്കിട്ടുമെന്ന് ടൗണിൽ പലയിടത്തും അന്വേഷിച്ചപ്പോഴാണ് ബീച്ചിലേക്കുള്ള വഴി ആരോ കാണിച്ചു കൊടുത്തത്. ബീച്ചീലെത്തിയപ്പോൾ കുട്ടികൾ മതിമറന്നു കളിക്കുന്നു. ഒന്നുമാലോചിച്ചില്ല ഫാബ്രിക്യോയും കൂടെക്കൂടി. കുട്ടികൾ കൂടെക്കളിക്കാൻ മെസ്സിയുടെ നാട്ടുകാരനെ കിട്ടിയ ആവേശത്തിലായി. അർജന്റീനയോടുള്ള സ്നേഹമാസ്വദിച്ച് രണ്ടുദിവസം പോയതറിഞ്ഞില്ലെന്ന് ഫാബ്രിക്യോ പറയുന്നു.





