
പാനൂര്‍: കണ്ണൂര്‍ പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികള്‍, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, മുളകുപൊടി, സ്‌ക്രൂഡ്രൈവര്‍, തൊപ്പി, കൈയുറകള്‍ എന്നിവ കണ്ടെടുത്തത്. വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങള്‍ ഒളിപ്പിച്ചുവെന്നായിരുന്നു നല്‍കിയ മൊഴി. തുടര്‍ന്ന് പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
വീടിന് സമീപമുള്ള ഒരു ചതിപ്പില്‍ ബാഗില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങള്‍. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗില്‍ നിന്നും കണ്ടെടുത്തു. കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ കൊലപാതകം തടയാന്‍ വിഷ്ണുപ്രിയ ശ്രമിച്ചാല്‍ അത് തടയാന്‍ മുഖത്തെറിയാന്‍ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാഗില്‍ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാഗിനുള്ള വച്ച് ചതുപ്പില്‍ താഴ്ത്തുകയായിരുന്നു.




