
കോഴിക്കോട്: അത്തം നാളിൽ തീർത്ത ഓണപ്പൂക്കളം ലോകറെക്കോർഡിന്റെ തിളക്കത്തിലേക്ക്. റിലയൻസ് ട്രെൻഡ്സും മലയാള മനോരമയും ചേർന്നാണ് എരഞ്ഞിപ്പാലം സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ 30,000 ചതുരശ്ര അടി വലുപ്പമുള്ള വമ്പൻ പൂക്കളമൊരുക്കിയത്. 426 പേർ ചേർന്ന് 8 മിനിറ്റ് 37 സെക്കൻഡിലാണു പൂക്കളം പൂർത്തിയാക്കിയത്. 40 ടൺ പൂക്കൾ ഉപയോഗിച്ചു. ‘ഓണം നല്ല ഓളം’ എന്ന പേരിൽ ഒരുക്കിയ പൂക്കളത്തിൽ കേരളത്തിന്റെ ഭൂപടവും തെളിഞ്ഞുകത്തുന്ന നിലവിളക്കും മുഖ്യദൃശ്യങ്ങളായി.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ലോകറെക്കോർഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. 2012 ഓഗസ്റ്റ് 25ന് കൊച്ചിയിൽ മനോരമയും വിവലും ചേർന്നൊരുക്കിയ പൂക്കളത്തിനാണു നിലവിലെ ലോകറെക്കോർഡ്. അന്ന് 500 കലാകാരൻമാർ 8 മിനിറ്റും 20 സെക്കൻഡുമെടുത്താണ് 25,979 ചതുരശ്ര അടി വലുപ്പമുള്ള പൂക്കളം തയാറാക്കിയത്.





