India

വിലക്കയറ്റം, ജിഎസ് ടി നിരക്ക്; പ്രക്ഷുബ്ധമായി പാര്‍ലമെന്‍റ്; ധനമന്ത്രിയുടെ വാദം തള്ളി പ്രതിപക്ഷം

Please complete the required fields.




ദില്ലി : ജിഎസ്ടി നിരക്ക് വര്‍ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്‍റ്  ഇന്നും സ്തംഭിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലക്കയറ്റത്തിൽ  പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായത്. പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും പിരിഞ്ഞു. 

ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം പാടില്ലെന്ന നിര്‍ദ്ദേശം അവഗണിച്ച് ജിഎസ്ടി നിരക്ക് വര്‍ധനക്കും,വിലക്കയറ്റത്തിനുമെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. അടിയന്തരപ്രമേയത്തിന് ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും പരിഗണിച്ചില്ല. പല കുറി നിര്‍ത്തിവെച്ച ശേഷം വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും ലോക്സഭയും മുങ്ങി. ഭരണാധിപന്‍ കൊള്ള തുടരുന്നുവെന്ന പ്ലക്കാര്‍ഡുയര്‍ത്തി ലോക്സഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനരികിലെത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ തിരിച്ചടിക്കുന്നത്. 

ജിഎസ്ടി വര്‍ധനയെ കേരളമടക്കം പിന്തുണച്ചെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വാദത്തെ പ്രതിപക്ഷം തള്ളി. ജിഎസ്ടി നിരക്ക് വര്‍ധന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ അംഗീകാരത്തോടെയാണ് നടപ്പാക്കിയതെന്നും ഉപസമിതിയില്‍ കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അംഗമായിരുന്നുവെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തത്. എന്നാൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വിഷയങ്ങളില്‍  നാളെയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സഭക്ക് പുറത്ത് പ്രതികരിച്ച് തല്‍ക്കാലത്തേക്ക് ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്‍റെ ശ്രമം. 

Related Articles

Leave a Reply

Back to top button