
താമരശ്ശേരി : താമരശ്ശേരി മിനിബൈപ്പാസിൽ അയ്യപ്പഭജനമഠത്തിന് സമീപം രോഗിയെയുംകൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും എതിരേവന്ന കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഓട്ടോയാത്രക്കാരിയായിരുന്ന പൂനൂർ മഠത്തുംപൊയിൽ ഷമീനയാണ് (39) മരിച്ചത്. ഞായറാഴ്ച അർധരാത്രിയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.
വയറുവേദനയും ഛർദിയും ബാധിച്ച് അവശനിലയിലായ ഷമീനയുടെ മകൾ ലദീദയെയും കൊണ്ട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും പെരുന്നാൾദിനാഘോഷം കഴിഞ്ഞ് മലപ്പുറത്തുനിന്ന് കോരങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശവും ഓട്ടോ ഭാഗികമായും തകർന്നു.
ഓട്ടോ ഓടിച്ച ഭർത്താവ് റഫീഖിനും ഇളയ മകൾ ലിനു നസ്റത്തിനും അപകടത്തിൽ സാരമായി പരിക്കേറ്റു. ഷമീനയുടെ മൂത്തമകൾ ലദീദ, കാറിലുണ്ടായിരുന്ന താനൂർ കൊള്ളാടത്തിൽ സിംജാസ് (28), ഭാര്യ കോരങ്ങാട് വളപ്പിൽപൊയിൽ ജഫ്‌ന ജാസ്മിൻ (22), ഭാര്യാസഹോദരൻ ജംഷീർ (29), ജംഷീറിന്റെ ഭാര്യ ഫിദ ഷെറിൻ (19) എന്നിവർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. സിംജാസിന്റെ ഒന്നര വയസ്സുള്ള മകൾ റൂഹി ഒരു പോറൽപോലുമേൽക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.





