Malappuram

കവളപ്പാറ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പൻ കുന്നിന്റെ മറുഭാഗത്ത് വിള്ളൽ; കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

Please complete the required fields.




നിലമ്പൂർ: മൂന്നുവർഷം മുൻപ് 59 പേരുടെ ജീവൻ കവർന്ന കവളപ്പാറ ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻ കുന്നിന്റെ മറുഭാഗമായ തുടിമുട്ടിയിൽ പാറച്ചുവട്ടിൽ വലിയ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് 48 ആദിവാസികുടുംബങ്ങളടക്കം 54 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുന്നിന്റെ മുകൾഭാഗത്തുള്ള കൂറ്റൻപാറയുടെ അടിഭാഗത്ത് നേരത്തെ വിള്ളലുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ വിള്ളൽ വലുതായി. 40 മീറ്ററോളം നീളത്തിൽ വിണ്ടുനിൽക്കുകയാണ്. വെള്ളിയാഴ്ച ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയുംചെയ്തു. പ്രസിഡന്റ് വിദ്യാരാജനും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

ശനിയാഴ്ച പി.വി. അൻവർ എം.എൽ.എ., സബ്കളക്ടർ ശ്രീധന്യ സുരേഷ്, തഹസിൽദാർ എം.പി. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചശേഷം പഞ്ചായത്ത് ഓഫീസിൽ അടിയന്തരയോഗം ചേർന്ന് കുടുംബങ്ങളെ പൂളപ്പാടം ഗവ. എൽ.പി. സ്കൂളിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ ഭരണകൂടവും കുടുംബങ്ങളെ മാറ്റാൻ നിർദേശിച്ചിരുന്നു. ഭൂഗർഭ ശാസ്ത്രജ്ഞർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പോലീസ്, വനം, അഗ്നിരക്ഷാസേനാവിഭാഗം, റവന്യൂ, പഞ്ചായത്ത് വിഭാഗങ്ങൾ ഉൾപ്പെടുന്ന സംയുക്തസംഘത്തെ പഞ്ചായത്തിൽ വിന്യസിച്ചു.

വിള്ളലിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. ദുരിതാശ്വാസക്യാമ്പ് തുറന്ന പൂളപ്പാടം ജി.എൽ.പി. സ്‌കൂളിൽ അവശ്യസാധനങ്ങൾ എത്തിച്ചു. എൺപതോളം കുടുംബങ്ങൾ തുടിമുട്ടി കുന്നിന്റെ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്.മലയിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ മഴക്കാലത്ത് ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കവളപ്പാറ ദുരന്തത്തിനു ശേഷം ഭൂഗർഭ ശാസ്ത്രവിഭാഗം നിർദേശം നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button