
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ഇന്നും കലുഷിതമായി കേരളത്തിലെ തെരുവുകൾ. ഇടത് – വലത് മുന്നണി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് ഇന്നും പ്രശ്നങ്ങൾക്ക് കാരണം. പലയിടത്തും അക്രമങ്ങളും സംഘർഷവുമുണ്ടായി. പൊലീസ് കണ്ണീർ വാതകം അടക്കം പ്രയോഗിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. ഇന്നലെ കെപിസിസി ആസ്ഥാനമായിരുന്നെങ്കിൽ ഇന്ന് വിഡി സതീശന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറിഞ്ഞിരുന്നു. ഇതിൽ ഓഫീസിന് കേടുപാടുണ്ടായി. രാവിലെ അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനൽചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തി. ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകർത്ത നിലയിലായിരുന്നു. അക്രമം നടത്തിയത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു. അമ്പലപ്പുഴ പൊലീസിൽ നേതാക്കൾ പരാതി നൽകി.
പേരാവൂർ മണ്ഡലം കോൺഗ്രസ് ഓഫീസും കൊടിമരവും രാത്രി തകർത്തു. ഇന്ന് രാവിലെയാണ് ഇത് കണ്ടെത്തിയത്. ഓഫീസിന്റെ ജനൽ ചില്ലുകളും അക്രമികൾ എറിഞ്ഞു തകർത്തിരുന്നു. നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത കേസിൽ നാല് സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴിക്കോട് ഏറാമല കുന്നുമ്മക്കരയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുലർച്ചെ തീവെച്ച് നശിപ്പിച്ചു. ഓഫീസിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട അടൂരിൽ കോൺസ് ഓഫീസ് തല്ലി തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തു. കാസർഗോഡ് നീലേശ്വരം ഹൗസിംഗ് കോളനിക്ക് സമീപം സ്ഥാപിച്ച കെ കരുണാകരന്റെ പ്രതിമ ഇന്ന് രാവിലെ തകർത്ത നിലയിൽ കണ്ടെത്തി.
ക്ലിഫ് ഹൗസിന് സമീപം പ്രതിഷേധവുമായി എത്തിയ പത്തോളം മഹിളാ മോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂർ അളഗപ്പനഗറിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ആമ്പല്ലൂരിലും മണ്ണംപേട്ടയിലും കോണ്‍ഗ്രസിന്റെ കൊടികളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച കൊടികൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചു. കട്ടപ്പന അശോക കവലയിലെ കൊടികളാണ് നശിപ്പിച്ചത്. സിപിഎം പ്രകടനം കടന്നു വരുന്നതിനിടെയാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിന് മുന്നിലെ കെ എസ് യു കൊടിയും നശിപ്പിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവരെ തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ പറഞ്ഞു. തെരുവിൽ ഇനി ഡിവൈഎഫ്ഐ ഉണ്ടാവുമെന്നും മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കുമെന്നും ഷാജർ പറഞ്ഞു.





