
ബേപ്പൂര്‍: യാത്രാക്കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ 800 ലക്ഷദ്വീപ് നിവാസികള്‍ നഗരത്തില്‍ കുടുങ്ങി. ചികിത്സ, പഠനം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കു മലബാറില്‍ എത്തിയവരാണ് കഴിഞ്ഞ ഒരു മാസമായി നാട്ടിലേക്ക് പോകാനാകാതെ വലയുന്നത്. മണ്‍സൂണിനോട് അനുബന്ധിച്ചു ബേപ്പൂരില്‍ നിന്നുള്ള യാത്രാക്കപ്പല്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും കൊച്ചിയില്‍ നിന്നുള്ള സര്‍വീസിന് ഇവിടെ ടിക്കറ്റ് വിതരണമുണ്ട്. 14 ന് ആന്ത്രോത്ത് ദ്വീപിലേക്ക് പോകുന്ന അറേബ്യന്‍ സീ കപ്പല്‍ ടിക്കറ്റിനു ലക്ഷദ്വീപ് പോര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസി കൗണ്ടറില്‍ ഇന്നലെ എത്തിയ 164 പേരില്‍ 20 പേര്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭിച്ചത്. മറ്റു ദ്വീപുകളിലേക്കുള്ളവരും ടിക്കറ്റ് കിട്ടാതെ ദുരിതത്തിലാണ്.
യാത്രാമാര്‍ഗം ഇല്ലാതെ ഒട്ടേറെ പേര്‍ ബേപ്പൂരിലെയും നഗരത്തിലെയും ലോഡ്ജുകളില്‍ കഴിയുന്നുണ്ട്. വിവിധ ആശുപത്രികളില്‍ നിന്നു ചികിത്സ കഴിഞ്ഞു മടങ്ങേണ്ടവരാണ് ഇവരില്‍ ഏറെയും. ദിവസങ്ങളോളം ലോഡ്ജുകളില്‍ തങ്ങുന്നവര്‍ക്കു വലിയ സാമ്പത്തിക ബാധ്യത വരികയാണ്. കൊച്ചിയില്‍ നിന്നും ബേപ്പൂരില്‍ നിന്നുമായി 7 കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇതു രണ്ടാക്കി വെട്ടിക്കുറച്ചതാണു യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയത്. എംവി കോറല്‍സ്, എംവി അറേബ്യന്‍ സീ എന്നീ കപ്പലുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.





