വരും വര്‍ഷങ്ങളിലായി 40 ലക്ഷം കുടിവെള്ള കണക്ഷന് കൂടി നല്കാന് സാധിക്കും-മന്ത്രി റോഷി അഗസ്റ്റിന്

കുന്ദമംഗലം: വരും വര്‍ഷങ്ങളിലായി സംസ്ഥാനത്ത് 40 ലക്ഷം കുടിവെള്ള കണക്ഷന് കൂടി നല്കാന് സാധിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ഭൂജലവകുപ്പിന്റെ നവീകരിച്ച റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറി കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുന്‍ വര്‍ഷങ്ങളിലായി 29 ലക്ഷം പേര്‍ക്ക് കണക്ഷന് നല്കാന് സാധിച്ചു. ശുദ്ധമായ ജലം ഉറപ്പു വരുത്താനും പാഴാകാതിരിക്കാനും സാധിക്കണം. എല്ലാവര്ക്കും ശുദ്ധജലം ലഭിക്കാനായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന് ഏറ്റവും അനിവാര്യമായ പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നിര്‍മിച്ച ലബോറട്ടറിയുടെ നവീകരണം സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തിയാക്കിയത്. ഭൂജലവകുപ്പ് ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മൂന്ന് മേഖലകളിലായി ഇത്തരത്തിലുള്ള പരിശോധനാ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ 2005 ല്‍ റീജിയണല്‍ അനലറ്റിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇവിടുത്തെ സ്ഥല പരിമിതി മൂലമാണ് കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയത്. കുടിവെള്ളത്തിന് ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കിണര്‍ ജലം മലിനമാകുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ തടയുന്നതിനും പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും ലാബ് ഏറെ സഹായകമാവും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം. ധനീഷ് ലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. അലവി, പി. കൗലത്ത്, എ.ഡി.എം മുഹമ്മദ് റഫീഖ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമുവല്‍ സ്വാഗതവും റീജിയണല്‍ അനലറ്റിക്കല്‍ ലാബ് എക്സിക്യൂട്ടീവ് കെമിസ്റ്റ് ഡോ. ഹേമ സി. നായര്‍ നന്ദിയും പറഞ്ഞു.





