Malappuram

അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്ത പെൺകുട്ടിയെ മര്‍ദ്ദിച്ച സംഭവം, വീണ്ടും മൊഴിയെടുത്ത് പൊലീസ്

Please complete the required fields.




മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെൺകുട്ടികളെ നടുറോഡിൽ വെച്ച് യുവാവ് മ‍ര്‍ദ്ദിച്ച സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടികൾ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴിയെടുക്കാൻ തയ്യാറായത്. 

അതേ സമയം പെൺകുട്ടികള്‍ ഇന്ന് വനിതാ കമ്മീഷനും പരാതി നല്‍കി. മൊഴിപ്രകാരമുള്ള വകുപ്പുകളില്‍ പ്രതിക്കെതിരെ  കേസെടുക്കുന്ന കാര്യത്തില്‍  തേഞ്ഞിപ്പലം പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയില്‍ സഹോദരിമാരായ അസ്‌നയും ഹംനയും എസ്.പി അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്ന് പരാതി നല്‍കും. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. ഇതിനിടെ മോട്ടോർ വാഹന വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതി ഇബ്രാഹം ഷെബീറിന്‍റെ വാഹനത്തിന്‍റെ അമിത വേഗത, നടുറോഡിൽ വാഹനം നിർത്തിയിട്ടുള്ള അതിക്രമം, റോങ്ങ് സൈഡ് വാഹനം ഓടിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ജോയിൻറ് ആർടിഒ ക്ക് ജില്ലാ ആർ.ടി.ഒ നിർദേശം നൽകി. 

ഈ മാസം 16 നാണ് മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ പെൺകുട്ടികൾക്ക് മർദ്ദനമേറ്റത്. തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീര്‍ എന്ന യുവാവാണ് സഹോദരമാരായ പെൺകുട്ടികളെ മര്‍ദ്ദിച്ചത്. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. പരാതിയില്‍ നിസാര വകുപ്പുകളില്‍ മാത്രം കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള പ്രതി ഇബ്രാഹിം ഷബീറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. 

Related Articles

Leave a Reply

Back to top button