Kozhikode

ബംഗാൾ സ്വദേശിയെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: ബംഗാൾ സ്വദേശിയെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ, തലശ്ശേരി സ്വദേശികളായ മൂന്നു പ്രതികൾ കൂടി അറസ്റ്റിലായി. കോടിയേരി മാളുകണ്ടിന്റവിട ധനീഷ് (40), തൊട്ടോളി വീട്ടിൽ സുജനേഷ് (32), വാവാച്ചി മുക്ക് ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ.ബാബു (35) എന്നിവരെയാണ് കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ് അറസ്റ്റ് ചെയ്തത്.

സിപിഎം അനുഭാവികളായ മൂന്നു പേരും കണ്ണൂരിലെ വിവിധ കേസുകളിൽ പ്രതികളാണ്. 2019ലെ തിരഞ്ഞെടുപ്പിൽ വടകരയിൽ സിപിഎമ്മിനെതിരെ വിമതസ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ് റോഷൻ‍ ആർ.ബാബു. ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതിയാണ് സുജനേഷ്. വ്യാപാരിയുടെ സ്വർണം കവർന്നതു സംബന്ധിച്ച് നടക്കാവ് സ്റ്റേഷനിലെ കേസിൽ പ്രതികളാണു മൂന്നുപേരും. 

15 വർഷമായി കോഴിക്കോട്ട് ആഭരണ നിർമാണ ജോലി ചെയ്തു വരുന്ന ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയെ കഴിഞ്ഞ സെപ്റ്റംബർ 20ന് രാത്രി ആക്രമിച്ച് സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ലിങ്ക് റോഡിലെ സ്വർണഉരുക്കുശാലയിൽ നിന്നു മാങ്കാവിലേക്ക് ഒന്നേകാൽ കിലോ സ്വർണം ബൈക്കിൽ കൊണ്ടു പോകുമ്പോഴാണ് ബൈക്കുകളിലെത്തിയ എട്ടംഗ സംഘം  കൊള്ളയടിച്ചത്.

ക്വട്ടേഷൻ സംഘത്തിനു കവർച്ചയ്ക്കായി സിം കാർഡുകൾ എടുത്തു നൽകിയ കക്കോടി മുട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്തതോടെയാണു കവർച്ചയുടെ ചുരുളഴിഞ്ഞത്.  സിറ്റി ക്രൈം സ്ക്വാഡിലെ  മനോജ് എടയേടത്ത്, കെ.അബ്ദുൽ റഹ്മാൻ, കെ.പി.മഹീഷ്, എം.ഷാലു, പി.പി.മഹേഷ്, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, എ.പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, കസബ സ്റ്റേഷനിലെ എസ്ഐ കെ.അനീഷ് തുടങ്ങിയവരുമടങ്ങിയ  സംഘമാണ് അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Back to top button