
കൊടുവള്ളി: ദേശീയപാത വിഭാഗത്തിന്റെ ടൗൺ വികസന പദ്ധതിയുടെ ഭാഗമായി കൊടുവള്ളി യതീംഖാനയ്ക്കു സമീപം റോഡരികിൽ മുറിച്ചിട്ട മരത്തടികൾ നീക്കാൻ നടപടിയായില്ല. ഓവുചാൽ നവീകരണത്തിന്റെ ഭാഗമായി രണ്ടാഴ്ച മുൻപാണ് 2 വൻമരങ്ങൾ മുറിച്ചത്. മുറിച്ച മരത്തിന്റെ തടികൾ ദേശീയ പാതയ്ക്കരികിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. വ്യാപാരികൾ അധികൃതരോട് ഇതു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വൈകാതെ മരങ്ങൾ ഇവിടെ നിന്നും മാറ്റുമെന്ന മറുപടിയാണ് പൊതുമരാമത്ത് അധികൃതർ നൽകിയത്. തിരക്കേറിയ റോഡരികിൽ കൂട്ടിയിട്ട മരത്തടികൾ ഗതാഗതക്കുരുക്കും അപകടഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. മുറിച്ചുമാറ്റിയ മരങ്ങളുടെ വേരും കുറ്റിയുമടക്കം നീക്കിയിട്ടുമില്ല. റോഡിന്റെ വശങ്ങളിൽ ടാർ ചെയ്യുമ്പോൾ മാത്രമേ മരക്കുറ്റികൾ നീക്കം ചെയ്യുള്ളുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ദേശീയ പാത 766ൽ കൊടുവള്ളി പെട്രോൾ പമ്പിന് അടുത്തുള്ള ഈ മേഖല തിരക്കേറിയ വാണിജ്യ കേന്ദ്രമാണെന്നതിനാൽ ഒട്ടേറെ വാഹനങ്ങളും കാൽനടയാത്രക്കാരുമാണ് ഈ ഭാഗത്ത് ദിവസവും എത്തുന്നത്. കടകൾക്കു മുന്നിൽ തടസ്സം സൃഷ്ടിച്ച് മരങ്ങൾ കൂട്ടിയിട്ടതും, ഓവുചാൽ നിർമാണം തുടരുന്നതും കാരണം ഒരു മാസത്തിലേറെയായി കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.
അതേസമയം ഒരുമാസത്തിലേറെയായി തുടരുന്ന ഓവുചാൽ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് വേഗത്തിൽ ഓവുചാൽ നവീകരണം പൂർത്തിയാക്കിയാലേ റോഡ് വീതി കൂട്ടുന്ന നടപടി ആരംഭിക്കാനാവൂ. സിറാജ് ബൈപാസ് ഭാഗത്തുനിന്നു തുടങ്ങി പെട്രോൾ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ദേശീയ പാതയുടെ ഇരുവശവും വീതി കൂട്ടി ടാറിങ് പൂർത്തിയാക്കുന്ന പ്രവൃത്തിയാണ് നടക്കാനുളളത്.





