
തിരുവനന്തപുരം: തിരുവനന്തപുരം കൊല്ലത്തും കനത്ത മഴ മഴ. ഉച്ചയ്ക്ക് ശേഷമാണ് കനത്ത കാറ്റോട് കൂടി തിരുവനന്തപുരം നഗരത്തിൽ മഴയെത്തിയത്. നഗരമേഖലയിൽ എല്ലായിടത്തും നല്ല മഴ ലഭിച്ചു. കടുത്ത വേനൽച്ചൂടിനും മഴ ആശ്വസമായി. എന്നാൽ മഴയോടൊപ്പം എത്തിയ കനത്ത കാറ്റിൽ തിരുവനന്തപുരത്ത് പലയിടത്തും മരങ്ങൾ കടപുഴകി വീണു. മ്യൂസിയത്തിലും ഭക്ഷ്യമന്ത്രി ജി.ആർ.അനിലിൻ്റെ ഔദ്യോഗിക വസതിയിലും മരങ്ങൾ നിലം പതിച്ചു.
കൊല്ലം ജില്ലയുടെ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കനത്ത മഴ മൂലം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ചാത്തന്നൂർ പാരിപ്പള്ളി ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിട്ടു. ചടയമംഗലത്ത് റബ്ബർ മരം വീടിനു മുകളിലേക്ക് കടപുഴകി വീണു. കൊട്ടാരക്കര ഈയം കുന്നിൽ ബേബി കുട്ടിയുടെ വീട് തകർന്നു. ശക്തമായ കാറ്റിൽ പല വീടുകളുടെയും സ്ഥാപനങ്ങളുടെയും മേൽക്കൂര പറന്നുപോയി. പുനലൂർ കരവാളൂർ പഞ്ചായത്തിൽ അഞ്ച് വീടുകളുടെ മേൽക്കുര തകർന്നു.
അടുത്ത മണിക്കൂറുകളിൽ മഴ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കൂടി വ്യാപിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കീലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയ്ക്ക് പിന്നാലെ അരുവിക്കര ഡാമിൻ്റെ രണ്ടാമത്തെ ഷട്ടർ വൈകിട്ട് 5.30-ന് ഇരുപത് സെൻ്റി മീറ്റർ ഉയർത്തുമെന്നും പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാന് സമീപത്തായി ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ ചക്രവാതച്ചുഴി തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മോഡലിന്റെ പ്രഥമിക സൂചനയനുസരിച്ചു ന്യുനമർദ്ദം ശക്തി പ്രാപിച്ചു തമിഴ്നാട് – ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അങ്ങനെ ആണെങ്കിൽ കേരളത്തിലും ഏപ്രിൽ 8/9 നു ശേഷം കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.





