
ദില്ലി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഗംഗ രക്ഷാദൗത്യം തുടരുന്നു. 219 പേരെ കൂടി യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചു. ബുച്ചാറസ്റ്റിൽ നിന്നുള്ള സംഘത്തെയാണ് തിരികെ എത്തിച്ചത്. ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ നൽകിയ വിവരം. ഇന്ന് രാവിലെ 8 മണിക്കുള്ളിൽ ഇന്ത്യക്കാരെ വഹിച്ചുള്ള 14 വിമാനങ്ങൾ ദില്ലി വിമാനത്താവളത്തിലും, 2 എയർഫോർസ് വിമാനങ്ങൾ ഹിൻഡൻ എയർ ബേസിലും എത്തും. കൂടുതൽ എയർഫോഴ്‌സ് വിമാനങ്ങൾ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും പുറപ്പെടും. കീവിൽ നിന്നും രക്ഷപ്പെട്ട് അതിർത്തികളിൽ എത്തിയ വിദ്യാർത്ഥികളാകും വരും ദിവസങ്ങളിൽ കൂടുതലായും ഇന്ത്യയിലെത്തുക. അതേസമയം ഹാർഖീവിലുള്ള കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് അതിർത്തികളിലേക്കുള്ള ട്രെയിനിൽ കയറാൻ സാധിച്ചത് ആശ്വാസമാവുകയാണ്.
‘ചെറുസംഘങ്ങളായി നീങ്ങൂ, സൈനികരോട് സഹകരിക്കൂ’, എംബസി മുന്നറിയിപ്പ്
അതിനിടെ, പ്രതിരോധ മന്ത്രാലയം നൽകിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്നാണ് നിർദേശം. ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശന മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങൾ ഹാർകീവിൽ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കർശന നിർദേശങ്ങളുമായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.
വ്യോമാക്രമണം, ഡ്രോൺ വഴിയുള്ള ആക്രമണം, മിസൈലാക്രമണം, ആർട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്ഫോടനങ്ങൾ, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോൾ ബോംബേറ്, കെട്ടിടങ്ങൾ തകരാനുള്ള സാധ്യത, തകർന്ന കെട്ടിടങ്ങൾക്കിടയിൽ പെടാനുള്ള സാധ്യത, ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടൽ, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പിൽ പെട്ടുപോകൽ, കടുത്ത മാനസികസംഘർഷത്തിന് അടിമപ്പെടൽ, പരിക്കേൽക്കൽ, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരൽ, യാത്ര ചെയ്യാൻ വഴിയില്ലാതാകൽ, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേർക്കുനേർ വരേണ്ട സാഹചര്യം എന്നിവ ഹാർകീവിൽ തുടരുന്നവർക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിർത്തികളിലേക്ക് എത്താൻ ശ്രമിക്കുന്നവർക്കും നേരിടേണ്ടി വരാമെന്നും, അത്തരത്തിലുള്ളവർ അടിയന്തരമായി ഈ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് എംബസി വ്യക്തമാക്കുന്നത്.





