Kannur

പ്രതികൾ പരിശീലനം ലഭിച്ച ആർഎസ്എസ്-ബിജെപി സംഘം, കേരളം കലാപ ഭൂമിയാക്കാൻ ശ്രമമെന്ന് കോടിയേരി

Please complete the required fields.




കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റേത് ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടന്ന കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിശീലനം ലഭിച്ച ആർ എസ് എസ് – ബിജെപി സംഘമാണ് കൊലനടത്തിയത്. ബിജെപി നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രദേശത്തെ 2 പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നുവെന്നും കോടിയേരി പറഞ്ഞു. 

സംസ്ഥാനത്തിന്റെ പലയിടത്തും ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ആലപ്പുഴയിലും തിരുവല്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായി സംഭവങ്ങൾ നടന്നു. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആർഎസ്എസ് -ബിജെപി സംഘം ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഇവർക്ക് ഒരാഴ്ചത്തെ പരിശീലനം  ലഭിച്ചിട്ടുണ്ടെന്നും  സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള  3000ത്തിലേറെ പേരാണ് ആ പരിശീലന പരിപാടിയിൽ പങ്കെടുത്തതെന്നും കോടിയേരി ആരോപിച്ചു. തലശ്ശേരിയിൽ നിന്ന് ഈ പരിശീലനത്തിന് പങ്കെടുത്ത സംഘമാണ്  കൊലനടത്തിയത്. ഈ സംഭവം അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

”കൊലപാതകത്തിൽ സിപിഎം ശക്തമായി പ്രതിഷേധിക്കുന്നു. ആർഎസ് എസ്- ബിജെപി സംഘം കൊലക്കത്തി താഴെ വെക്കാൻ തയ്യാറല്ലെന്നാണ് ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങളിൽ നിന്നും  മനസിലാകുന്നതെന്നും പ്രകോപനങ്ങളിൽ സിപിഎം പ്രവർത്തകർ പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു. കൊലപാതകം നടത്തിയിടിട്ട് സർക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് നടക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർ എസ് എസ് ബിജെപി സംഘങ്ങൾ കരുതേണ്ട. കണ്ണൂർ ജില്ലയിലടക്കം ഇതെല്ലാം അതിജീവിച്ചാണ് സിപിഎം വന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു. 

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസിന്‍റെ കാൽ പൂർണ്ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിന് സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.

ഹരിദാസിനു നേരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു. വെട്ടേറ്റ് ​ഗുരുതരാവസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം ബ‌ി ജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷിന്‍റെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള നേതാക്കൾ പ്രതികരിച്ചു.

Related Articles

Leave a Reply

Back to top button