
രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് പടുകൂറ്റൻ സ്കോർ. രണ്ടം ദിനം കളി അവസാനിപ്പിക്കുമ്പോൾ കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 454 റൺസെടുത്തു. 147 റൺസെടുത്ത് പൊന്നം രാഹുൽ കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ രോഹൻ എസ് കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (76 നോട്ടൗട്ട്), സച്ചിൻ ബേബി (56) എന്നിവരും കേരളത്തിനായി തിളങ്ങി. മേഘാലയക്കായി ചിരാഗ് ഖുറാന മൂന്ന് വിക്കറ്റ് വീഴ്ത്തി.
148 റൺസിന് മേഘാലയയെ ഓൾഔട്ടാക്കിയ കേരളം തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണർമാരായ പൊന്നം രാഹുലും രോഹൻ എസ് കുന്നുമ്മലും ചേർന്ന് 201 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി കേരളത്തിന് ഗംഭീര തുടക്കം നൽകി. ജലജ് സക്സേന (10), വിഷ്ണു വിനോദ് (4) എന്നിവരൊക്കെ വേഗം മടങ്ങിയെങ്കിലും ക്യാപ്റ്റൻ സച്ചിൻ ബേബിയും യുവതാരം വത്സൽ ഗോവിന്ദും ചേർന്ന് കേരളത്തെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. സിജോമോൻ ജോസഫ് (21), ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ (11), ബേസിൽ തമ്പി (8) എന്നിവരൊക്കെ വേഗം പുറത്തായെങ്കിലും ഒരു വശത്ത് ഉറച്ചുനിന്ന വത്സൽ കേരളത്തെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു.
4 വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റക്കാരനായ ഏദൻ ആപ്പിൾ ടോം ആണ് മേഘാലയയെ തകർത്തത്. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ട് വിക്കറ്റും വീഴ്ത്തി. 93 റൺസെടുത്ത ക്യാപ്റ്റൻ പുനീത് ബിശ്ത് ആണ് മേഘാലയയുടെ ടോപ്പ് സ്കോറർ.
10 റൺസെടുക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ മേഘാലയ ബാറ്റർമാരെ നിലയുറപ്പിക്കാൻ കേരളം അനുവദിച്ചില്ല. കിഷനിലൂടെ തൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ച ഏദൻ സിജി ഖുറാന, ഡിപ്പു, ആകാശ് കുമാർ എന്നിവരെയും മടക്കി അയച്ചു. പുനീത് ബിശ്തിൻ്റെ ആക്രമണാത്മക ബാറ്റിംഗാണ് മേഘാലയയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 90 പന്തുകൾ 93 റൺസെടുത്ത മുൻ ഡൽഹി വിക്കറ്റ് കീപ്പറെ ഒടുവിൽ ഉണ്ണികൃഷ്ണൻ മനുകൃഷ്ണനാണ് മടക്കിയത്. ആര്യൻ, ചെങ്കം സങ്ക്മ എന്നിവരുടെ വിക്കറ്റുകളാണ് ശ്രീശാന്ത് നേടിയത്.
17 വയസ്സുകാരനായ ഏദൻ ആപ്പിൾ ടോം കഴിഞ്ഞ വർഷത്തെ കൂച്ച് ബെഹാർ ട്രോഫിയിൽ 15 വിക്കറ്റുകൾ നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ടൂർണമെൻ്റിൽ കേരളത്തിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായിരുന്നു ഈ 17 വയസ്സുകാരൻ.





