
എറണാകുളം: കൊച്ചിയിൽ മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് അഞ്ച് വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിനതടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
ബിഹാർ മുജ്താപൂർ സ്വദേശിയായ നജീർ മിയ(55)യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന പ്രതി, അവിടെയുള്ള മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്.
2025 ജനുവരി 17-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കുറുപ്പംപടി പോലീസ് കേസെടുക്കുകയും, അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വി.എം. കേഴ്സന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അഞ്ച് വ്യത്യസ്ത വകുപ്പുകളിലായാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും, മറ്റ് രണ്ട് വകുപ്പുകളിൽ അഞ്ച് വർഷവും ഏഴ് വർഷവും വീതം തടവും 20,000 രൂപ വീതം പിഴയുമാണ് ചുമത്തിയത്.
എന്നാൽ ശിക്ഷാകാലാവധി ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.





