സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ വൻ വീഴ്ച; വിദ്യാർഥിനിയുടെ ഉത്തരക്കടലാസിലെ രണ്ട് പേജുകൾ സ്കാൻ ചെയ്തില്ല, മൂല്യനിർണയം നടത്താതെ അധികൃതർ

പരിയാരം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ മൂല്യനിർണയത്തിൽ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്നത് വൻ വീഴ്ച. പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ അനന്യ ആഷിലിന്റെ ഇക്കണോമിക്സ് പരീക്ഷയുടെ ഉത്തരക്കടലാസിലെ രണ്ട് പേജുകളാണ് മൂല്യനിർണയം നടത്താതെ അധികൃതർ ഒഴിവാക്കിയത്.
പരീക്ഷയ്ക്ക് മൊത്തം 91.4 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ചെങ്കിലും, ഇക്കണോമിക്സ് വിഷയത്തിന് താൻ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെത്തുടർന്ന് അനന്യ ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിക്കായി അപേക്ഷിക്കുകയായിരുന്നു.തുടർന്ന് ലഭിച്ച പകർപ്പ് പരിശോധിച്ചപ്പോഴാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ പുറത്തുവന്നത്. ഉത്തരക്കടലാസിലെ 12, 13 പേജുകൾക്ക് പകരം 14, 15 പേജുകളായിരുന്നു സ്കാൻ ചെയ്ത പകർപ്പിൽ ഉണ്ടായിരുന്നത്.
പേജുകൾ ഇരട്ടിച്ചുവന്നത് ശ്രദ്ധയിൽപ്പെട്ട മൂല്യനിർണയം നടത്തിയ അധ്യാപകർ, കുട്ടി ഒരേ ഉത്തരം തന്നെ രണ്ടുതവണ എഴുതിയതാണെന്ന് തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു. പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഓൺലൈൻ മൂല്യനിർണയത്തിനായി അയച്ചുകൊടുത്തപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് പ്രാഥമിക നിഗമനം.പരിയാരം ഗവ. ഡെന്റൽ കോളജിലെ ഡോ. ആഷിൽ മോഹൻദാസ് – ഡോ. സ്മിത ആഷിൽ ദമ്പതികളുടെ മകളാണ് അനന്യ.





