മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി: ശനിയാഴ്ച BJP മുഖ്യമന്ത്രി ചുമതലയേൽക്കും

പശ്ചിമബംഗാൾ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി. കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യാ സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് മമത. ഇതിനിടെ ശനിയാഴ്ച ബംഗാളിൽ ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ അക്രമസംഭവങ്ങൾ തുടരുകയാണ്.
സന്ദേശ് ഖാലിയിൽ രാത്രി നടന്ന സംഘർഷങ്ങൾ നേരിടാൻ ഇറങ്ങിയ പൊലീസിനും കേന്ദ്രസേന ഉദ്യോഗസ്ഥർക്കും നേരെ നാടൻ ബോംബ് എറിഞ്ഞു. വെടിവെപ്പിൽ പോലീസുകാരനും കേന്ദ്രസേന ഉദ്യോഗസ്ഥനും പരിക്കേറ്റു. പോലീസ് ലാത്തി വീശി. മുർഷിദാബാദിൽ ലെനിൻ പ്രതിമ തകർത്തു. കൊൽക്കത്ത ന്യൂ മാർക്കറ്റിൽ വിജയാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ തൃണമൂൽ ഓഫീസ് ഇടിച്ചു നിരത്തി. മമതയുടെയും അഭിഷേക് ബാനർജിയുടെയും വസതികൾക്ക് മുന്നിലുള്ള പ്രത്യേക ഗേറ്റുകളും മറ്റും നീക്കി. ഇതോടെ ഈ മേഖലയിലൂടെയുള്ള സഞ്ചാരത്തിനുള്ള നിയന്ത്രണം ഒഴിവായി.
ആക്രമണങ്ങളാണ് ബിജെപി ഉദ്ദേശിച്ച പരിവർത്തനം എന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രയാൻ ആരോപിച്ചു. താൻ രാജിവെക്കില്ലെന്ന മമതാ ബാനർജിയുടെ നിലപാടിനെ ബിജെപി വിമർശിച്ചു. അധികാരം മമതയുടെ തറവാട്ട് സ്വത്ത് അല്ലെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. ഇന്ത്യ ബ്ലോക്കിന് ശക്തമാക്കി പുതിയ പോർമുഖം തുറക്കാനാണ് മമതയുടെ നീക്കം. അധികാരത്തിൽ നിന്ന് പുറത്തായതോടെ നേതൃത്വത്തിനെതിരെ തൃണമൂൽ കോൺഗ്രസിനകത്ത് അസ്വാരസ്യങ്ങൾ പുകയുകയാണ്.
സീറ്റിനായി അഞ്ചു കോടി രൂപയാണ് പാർട്ടി ആവശ്യപ്പെട്ടതെന്ന് ക്രിക്കറ്ററും മുൻമന്ത്രിയുമായ മനോജ് തിവാരി തുറന്നടിച്ചു. കൊൽക്കത്തയിൽ മെസ്സി എത്തിയ പരിപാടി അലങ്കോലമായത് സർക്കാറിന്റെ പിടിപ്പുകേടു കൊണ്ടായിരുന്നു എന്നും പാർട്ടി വിട്ട മനോജ് തിവാരി ആരോപിച്ചു.





