വില്ലുപുരത്ത് ഉറങ്ങിക്കിടന്ന നേതാവിനെ വീട്ടിൽ കയറി ചെവി അറുത്തുമാറ്റി, ടിവികെ പ്രവർത്തകൻ പിടിയിൽ

വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് ഡിഎംകെ നേതാവിനെ വീടിനുള്ളിൽ കയറി ചെവി അറുത്തുമാറ്റിയ ടിവികെ പ്രവർത്തകൻ പിടിയിൽ. ഡിഎംകെ ജനറൽ കൗൺസിൽ അംഗം കെ. ബാലകൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ടിവികെ പ്രവർത്തകൻ ഭവാനിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മരക്കാണത്തിന് സമീപമാണ് സംഭവം . ശനിയാഴ്ച രാത്രി ബാലകൃഷ്ണൻ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭവാനിഷും സുഹൃത്തായ അജിത്തും വീടിനുള്ളിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. കത്തിയുപയോഗിച്ച് ബാലകൃഷ്ണന്റെ കവിളിൽ കുത്തുകയും തുടർന്ന് വലതു ചെവി മുറിച്ചെടുക്കുകയുമായിരുന്നു.ആക്രമണത്തിന് ശേഷം വടികൊണ്ടും ബാലകൃഷ്ണനെ ആക്രമിച്ചു. ബാലകൃഷ്ണന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
തിണ്ടിവനം മണ്ഡലത്തിലെ വിസികെ സ്ഥാനാർത്ഥി വന്നിയരശിന് വേണ്ടി ബാലകൃഷ്ണൻ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. ഇതിനിടെ ബാലകൃഷ്ണനും ടിവികെ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം.ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ കനഗ ചെട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റൊരു പ്രതിയായ അജിത്ത് ഒളിവിലാണ്. ആശുപത്രിയിൽ ബാലകൃഷ്ണനെ സന്ദർശിച്ച വിസികെ സ്ഥാനാർത്ഥി വന്നിയരശ്, കുറ്റവാളികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.





