
ജയ്പൂർ: ഇലക്ട്രിക് വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് (PUC) ഇല്ലെന്ന കാരണത്താൽ ഉടമയ്ക്ക് പിഴ ചുമത്തിയ രാജസ്ഥാൻ പോലീസിന്റെ നടപടി വിവാദമാകുന്നു. രാജസ്ഥാനിലെ നാഗൗറിൽ ടാറ്റ ടിയാഗോ ഇവി ഉടമയ്ക്കാണ് 1500 രൂപ പിഴയൊടുക്കേണ്ടി വന്നത്.
കാറിന്റെ വിൻഡ് ഷീൽഡിലെ നിയമവിരുദ്ധമായ നിറത്തിന് പിഴയിടാൻ വാഹനം തടഞ്ഞ പോലീസ്, പിന്നാലെ പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾക്ക് പുകക്കുഴലുകൾ ഇല്ലാത്തതിനാൽ അത്തരം സർട്ടിഫിക്കറ്റുകളുടെ ആവശ്യമില്ലെന്ന് ഉടമ ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും ഉദ്യോഗസ്ഥൻ അത് കേൾക്കാൻ തയ്യാറായില്ല.ഇതോടെ ഉടമയും എഎസ്ഐയും തമ്മിൽ തർക്കമുണ്ടാകുകയും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. സംഭവം വൻ ചർച്ചയായതോടെ വിശദീകരണവുമായി രാജസ്ഥാൻ പോലീസ് രംഗത്തെത്തി.
വിൻഡോ ഷെയ്ഡുകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഉദ്യോഗസ്ഥന് അബദ്ധം സംഭവിച്ചതാണെന്നും, സിസ്റ്റത്തിൽ തെറ്റായി രേഖപ്പെടുത്തിയ പിഴ ഉടൻ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1989-ലെ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം മലിനീകരണം ഉണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങൾക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് മാത്രമാണ് ഇത്തരം പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്.അതിനാൽ ഇവി ഉടമകൾ പുക പരിശോധന സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വീണ്ടും വ്യക്തമാക്കുന്നു.





