India

ബംഗ്ലാദേശ് ക്രിക്കറ്റിൽ മഞ്ഞുരുകുന്നു; ഇന്ത്യയെ പിണക്കാനില്ല, വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സൂചന

Please complete the required fields.




ധാക്ക: ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരമേറ്റതോടെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ഊർജിതമായ നീക്കങ്ങൾ ആരംഭിച്ചു.

2026 ടി20 ലോകകപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെത്തുടർന്ന് വഷളായ നയതന്ത്ര ബന്ധം ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് പുതിയ കായിക മന്ത്രി അമിനുൽ ഹഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുകയും അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അറിയിക്കുകയും ചെയ്തു.മുൻപ് മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണകാലത്ത് ബിസിബി എടുത്ത തെറ്റായ തീരുമാനങ്ങളാണ് ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്താകാൻ കാരണമായതെന്ന് മന്ത്രി വിമർശിച്ചു.

ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുസ്തഫിസുർ റഹ്മാനെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മുൻപ് വലിയ പ്രതിസന്ധിക്ക് കാരണമായത്. ഇതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ നടന്ന ലോകകപ്പ് ബഹിഷ്കരിക്കാൻ യൂനസ് സർക്കാർ തീരുമാനിച്ചതോടെ ഐസിസി ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.അന്ന് പാകിസ്ഥാൻ ബംഗ്ലാദേശിനെ പിന്തുണച്ചെങ്കിലും പിന്നീട് അവർ നിലപാട് മാറ്റി ഇന്ത്യയിൽ കളിക്കാൻ തയ്യാറായിരുന്നു. ഈ കടുത്ത നിലപാടുകളിൽ മാറ്റം വരുത്തി ക്രിക്കറ്റ് രംഗത്ത് സജീവമാകാനാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്.

ക്രിക്കറ്റ് ബോർഡിൽ വലിയ അഴിച്ചുപണികൾക്ക് തയ്യാറെടുക്കുന്ന കായിക മന്ത്രി, പ്രമുഖ താരങ്ങളായ ഷാക്കിബ് അൽ ഹസൻ, മഷ്‌റഫെ ബിൻ മോർത്തസ എന്നിവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിലും അനുകൂലമായ സൂചന നൽകി.ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം വിവിധ കേസുകളിൽ അകപ്പെട്ടതിനാൽ ഷാക്കിബിന് രാജ്യത്തേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ നിയമപ്രശ്നങ്ങൾ പരിഹരിച്ച് മുൻ ക്യാപ്റ്റൻമാരെ വീണ്ടും ടീമിന്റെ ഭാഗമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.നിലവിൽ ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുൾ വിദേശത്തായ സാഹചര്യത്തിൽ ബോർഡ് ഭരണസമിതിയിലും ഉടൻ മാറ്റങ്ങളുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

Related Articles

Back to top button