
കോഴിക്കോട്: തൈറോയിഡ് അർബുദ ചികിത്സക്കുള്ള മരുന്നിന് ഇൻഷൂറൻസ് ആനുകൂല്യം നിർത്തിയതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾ ദുരിതത്തിലായി. മൂന്നാഴ്ച മുമ്പ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി(കാസ്പ്)യിൽനിന്നുള്ള ഇ-മെയിൽ സന്ദേശത്തിലാണ് ഇൻഷൂറൻസ് ആനുകൂല്യം നിർത്തിവെച്ചതായി അറിയിപ്പ് വന്നത്.
തൈറോയിഡ് അർബുദത്തിനുള്ള ചികിത്സയായ റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പിക്കുള്ള മരുന്ന്, ഇൻഷൂറൻസുള്ളവർക്ക് പൂർണമായി സൗജന്യമായിരുന്നു. 40000 രൂപവരെ ഈ മരുന്നിന് വില വരും. കാസ്പിലൂടെ നൽകിയിരുന്ന ഇൻഷൂറൻസ് ആനുകൂല്യം ഇല്ലാതായതോടെ വലിയ വില കൊടുത്ത് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. 700ൽ അധികം സാധാരണക്കാരായ രോഗികളാണ് മരുന്നിനായി കാത്തിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ ഇതേ മരുന്നിന് ഒരു ലക്ഷത്തിലധികം രൂപ വിലയുണ്ട്. മുബൈ ബാബ അറ്റോമിക് സെന്ററിൽനിന്നാണ് മരുന്ന് എത്തുന്നത്. രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (ആർ.എസ്.ബി.വൈ) ഇൻഷൂറൻസ് പദ്ധതി, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലേക്ക് മാറിയതോടെയാണ് പല ജീവൻരക്ഷ മരുന്നുകൾക്കും ഇൻഷൂറൻസ് നഷ്ടമായതെന്നാണ് രോഗികളുടെ ആക്ഷേപം.





