കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം: പീതാംബരൻ മദമിളകാൻ സാധ്യതയുള്ള ആന; അന്തിമ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കൊയിലാണ്ടിയിൽ ആനയിടഞ്ഞ് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പീതാംബരൻ മദമിളകാൻ സാധ്യതയുള്ള ആന ആയിരുന്നു എന്ന് അന്തിമ റിപ്പോർട്ട്. സോഷ്യൽ ഫോറസ്ട്രി വനം കൺസർവേറ്റർ ആർ കീർത്തി ഐഎഫ്എസ് അന്തിമ റിപ്പോർട്ട് വനംവകുപ്പിന് സമർപ്പിച്ചു.
രക്തസാമ്പിൾ പരിശോധനയ്ത്ക്ക് ശേഷമാണ് പീതാംബരൻ മദമിളകാൻ സാധ്യതയുള്ള ആന ആണെന്ന നിഗമനത്തിൽ എത്തിയത് . രക്തത്തിൽ ഉണ്ടായിരിക്കേണ്ട ടെസ്റ്റോസ്റ്റിറോൺ പരിധി 1.84 മുതൽ 5.35 വരെ ആണ്. എന്നാൽ പീതാംബരന് ഇത് 15ൽ അധികം ആയിരുന്നു.
ആനയുടെ കാലുകൾ ചങ്ങലയ്ക്കിട്ടിരുന്നില്ല എന്ന ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. പടക്കം അലക്ഷ്യമായാണ് ആനകളുടെ അടുത്ത് പൊട്ടിച്ചത്. പീതാംബരൻ പടക്കം കേട്ടാൽ പരിഭ്രാന്തനാകുന്ന ആനയാണെന്ന് പാപ്പാൻ നേരത്തെ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു.
ഗുരുവായൂർ പീതാംബരൻ മറ്റ് ആനകളെ ആക്രമിച്ചിട്ടുണ്ടെന്നും വനംമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്. ആനകളുടെ സാന്നിധ്യത്തിൽ ഇനി മുതൽ പടക്കം പൊട്ടിക്കരുതെന്ന് മാർഗ നിർദേശവും റിപ്പോർട്ടിലുണ്ട്. വനം, പോലീസ്, ഫയർഫോഴ്സ് എന്നിവയുടെ ഉപസമിതി വേണമെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് മുമ്പ് ടെസ്റ്റോസ്റ്റിറോൺ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.





