കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിനൊരുങ്ങി കോഴിക്കോട്; അണിനിരക്കുന്നത് ആറ് ബുക്കർ പ്രൈസ് ജേതാക്കൾ, 15 രാജ്യങ്ങളിൽനിന്നും അതിഥികൾ

കോഴിക്കോട് : ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽനടക്കും.
ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സാഹിത്യത്തിന്റെയും സംസ്കാരത്തിൻ്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെ.എൽ.എഫിൽ 15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് പാളയം അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ സംഘടക സമിതി ചെയർമാൻ പ്രദീപ് കുമാർ, ജനറൽ കൺവീനവർ എ കെ അബ്ദുൾ ഹക്കീം, ചീഫ് ഫെസിലിറ്റേറ്റർ രവി ഡി സി, പ്രോഗ്രാം കൺവീനർ കെ വി ശശി എന്നിവർ സംസാരിച്ചു.
6,00,000 പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്. ആശയം, സംസ്കാരം, കല എന്നിവയുടെ സംഗമവേദിയായി മാറുന്ന ഈ വേദിയിൽ സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ഇത്തവണ ഭാഗമാകും.ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ഗൌസ്, സോഫി മക്കിന്റോഷ്, ജോർജി ഗൊസ്പോഡിനോവ് എന്നീ ബുക്കർ സമ്മാനജേതാക്കളുടെ സാഹിത്യവൈഭവം ഫെസ്റ്റിവലിനെ സന്‌പുഷ്ടമാക്കും. ഇതാദ്യമായാണ് ആറ് ബുക്കർ സമ്മാനജേതാക്കൾ ഒന്നിച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
നൊബേൽ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്‌തർ ഡുഫ്ലോ എന്നിവരും കെ.എൽ.എഫിനെ ബൗദ്ധികസംവാദങ്ങളുടെ വേദിയായി ഉയർത്തും.കലാസാംസ്കാരികമായ പൈതൃകം വിളിച്ചറിയിച്ചുകൊണ്ടാണ് ഇത്തവണത്തെ അതിഥിരാജ്യമായ ഫ്രാൻസ് എത്തുന്നത്.ഫിലിപ്പ് ക്ലോഡൽ, പിയറി സിങ്കാരവെലു, ജോഹന്ന ഗുസ്‌താവ്സൺ, സെയ്‌ന അബിറാച്ചെഡ് തുടങ്ങിയവരാണ് ഫ്രാൻസിൻ്റെ വൈവിധ്യങ്ങളായ കലാപാരന്‌പര്യത്തെ പ്രതിനിധീകരിക്കുന്നത്.ജൂലി സ്റ്റീഫൻ ചെങ്, തിമോത്തി ഡി ഫോംബെല്ലെ. ഫ്രെഡ് നോവ്ചെ എന്നിവരുടെ സംഭാവനകൾ സാഹിത്യം, ചരിത്രം, കല എന്നീ മേഖലകളിലെ ചർച്ചകളെ ഉന്നതിയിലെത്തിക്കും. കെ.എൽ. എഫിലേക്കുള്ള ഫ്രഞ്ച് പ്രതിനിധികളുടെ വരവ് സഹകരണത്തിനും സാംസ്കാരികവിനിമയത്തിനുമുള്ള കാരണമാകും.





