
താമരശ്ശേരി: ചുരത്തിൽ ഒമ്പതാം വളവിനടുത്ത് റെക്സിൻ അവശിഷ്ടങ്ങൾ, ഇരുചക്ര വാഹനങ്ങളുടെ ഉപയോഗ ശൂന്യമായ സീറ്റ് കവർ, ടാങ്ക് കവർ ഹെൽമറ്റ് എന്നിവ തള്ളിയതിന് കണലാട് സെക്ഷൻ വനം ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തു. കടയിൽ നിന്നും ഒഴിവാക്കിയ ഉപയോഗ ശൂന്യമായ മാലിന്യങ്ങൾ രാത്രിയുടെ മറവിൽ വാഹനത്തിൽ എത്തിച്ച് തള്ളിയവരെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായി താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാർ അറിയിച്ചു.
പ്രതികൾക്കെതിരെ ഉടൻ തന്നെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും താമരശ്ശേരി ചുരത്തിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് വന ശോഷണത്തിനും വന്യജീവികളുടെ നിലനിൽപ്പിനും ഭീഷണിയാവുന്നതായും തുടന്നുള്ള ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും കർശന നടപടികളും കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. ഒരു വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ പിഴയടക്കം തടവ് ലഭിക്കാവുന്നതുമായ കുറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നത്.





